ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പുതിയ ഡൽഹി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അരവിന്ദ് കെജ്‌രിവാൾ രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എമാരുടെ നിര്‍ണായക യോഗത്തിലാണ് അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അരവിന്ദ് കെജരിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്.
ഇതോടെ ഷീല ദീക്ഷിതിനും സുഷ്‌മ സ്വരാജിനും പിന്നാലെ ഡൽഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയായി അതിഷി സ്ഥാനമേൽക്കും. എ.എ.പി എം.എല്‍.എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. രണ്ട് ദിവസം മുന്‍പാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ നടത്തിയത്.
വൈകിട്ട് 4.30ന് ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയെ കാണുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിയമത്തിന്‍റെ കോടതിയിൽ തനിക്ക് നീതി ലഭിച്ചെന്നും ഇനി ജനങ്ങളുടെ കോടതി തീരുമാനിച്ചശേഷമേ അധികാര സ്ഥാനം സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.