തൊടുപുഴ: ശ്രീഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസ് കമ്പനിയിൽ 2011ൽ രണ്ട് കോടി രൂപയുടെ ചിട്ടി ചേർത്ത് തുക പിടിച്ച ശേഷം ഒരു കോടി ഇരുപതുലക്ഷം രൂപ കുടിശിഖ വരുത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷത്തെ തടവും ഇരട്ടിത്തുക പിഴയും ശിക്ഷ വിധിച്ചു. ബാലഗ്രാം സ്വദേശി ബല്ലാരി സന്തോഷെന്ന കെ.എസ് സന്തോഷിനെയാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ശിക്ഷിച്ചത്.
2013 ൽ ശ്രീഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസ് കട്ടപ്പന ശാഖയിൽ നൽകിയ ചെക്ക് മടങ്ങുകയായിരുന്നു. ഏഴ് ചിട്ടികളിലായി പ്രതി തന്ന മുഴുവൻ ചെക്കുകളും ബാങ്കിൽ പണം ഇല്ലാത്തതു കാരണം മടങ്ങി. കോടതിയിൽ കേസ് ഫയൽ നൽകിയ സമയം മുതൽ വ്യാജ രേഖകളും മൊഴിയും നൽകി കേസ് വഴിതിരിച്ചുവിടാൻ പ്രതി പ്രത്യേകം ശ്രമിച്ചിരുന്നു.
ചെക്ക് തന്ന ദിവസം താൻ തമിഴ്‌നാട്ടിൽ കത്തിക്കുത്തിന് വിധേയനായെന്നും 100 കിലോമീറ്റർ സഞ്ചരിച്ചു തൂക്കുപാലത്ത് ആശുപത്രിയിൽ ചികിത്സ തേടിയതായും കോടതിയെ ബോധിപ്പിച്ച പ്രതി ഗോകുലത്തിൻ്റേതെന്ന് തോന്നിപ്പിക്കുന്ന 30 വ്യാജ രസീതുകൾ ഹാജരാക്കി. താൻ പണം അടച്ചതാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. വിസ്‌താരം നടക്കുന്ന വേളയിൽ പോലീസ് സ്റ്റേഷനിൽ പ്രത്യേക പരാതി നൽകി എഫ്.ഐ.ആർ ഇടുവിച്ചു.
ഗോകുലം ഗ്രൂപ്പ് ചെയർമാനും ഡയറക്‌ടറും ഡിജിപി ക്കു നൽകിയ പരാതി യിൽ ഈ കേസ് തൊടുപുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോൺസൺ അന്വേഷിക്കുകയും, ഡിജിപിയ്ക്കു റിപ്പോർട്ടു സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഗോകുലം ഹൈക്കോടതിയെ സമീപിക്കുകയും പ്രമുഖ അഭിഭാഷക നായ സി. ഉണ്ണികൃഷ്‌ണൻ മുഖാന്തിരം എഫ്ഐആർ റദ്ദു ചെയ്‌ത് ഓർഡർ വിസ്താരകോടതിയിൽ ഹാജരാക്കി വിചാരണ പുനഃരാരംഭിച്ചു.
തുടർന്ന് പ്രതി ചെക്കിൽ ഒപ്പ് തന്റേതല്ലെന്നും ഫോറൻസിക് ലാബിലേക്ക് അയയ്ക്കണമെന്നും വാദം ഉന്നയിക്കുകയും വിചാരണ നിർത്തി വയ്ക്കുകയും ചെയ്തു. ഫോറൻസിക് ലാബിൽ നിന്നും വന്ന റിപ്പോർട്ടിൽ ഒപ്പ് പ്രതിയുടെ തന്നെ ആണെന്ന് സ്ഥിരീകരിക്കുകയും വിചാരണ പുനഃരാരംഭിക്കുകയും ചെയ്തു.
തുടർന്ന് ഹൈദരബാദ് സെൻട്രൽ ഫോറൻസിക് ലാബിൽ വീണ്ടും പരിശോ ധനക്ക് അയക്കണമെന്ന പ്രതിയുടെ വാദം തള്ളി കളഞ്ഞ കോടതി വാദം പൂർത്തിയാക്കി വിധി പറയുകയായിരുന്നു. കൃത്രിമരസീത് ചമച്ചതിന് പ്രതിക്കെ തിരെ കേസെടുക്കണമെന്ന് വാദി ഭാഗം കോടതിയിൽ പ്രത്യേകം ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഗോകുലം ചിറ്റിനു വേണ്ടി സീനിയർ അഭിഭാഷക അഡ്വ. വി. കെ. ബീനയാണ് കോടതിയിൽ കേസ് നടത്തിയത്.