ചേർത്തല: തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ വടക്കേ കണ്ടത്തിൽ ലളിതയാണ്(63) മരിച്ചത്. ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീൻ വെട്ടിക്കൊണ്ടിരിക്കുമ്പോൾ തെരുവുനായയുടെ കടിയേൽക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാൽ പരിക്ക് നിസാരമായതിനാൽ ചികിത്സ തേടിയില്ല.
എന്നാൽ വ്യഴാഴ്ചയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടുകയായിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും വെളളിയാഴ്ചയോടെ മരണം സംഭവിച്ചു.
ലളിതയുടെ മരണത്തെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നവർക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി. ഇവർ നിരീക്ഷണത്തിലാണ്. ആക്രമിച്ച തെരുവുനായയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശത്തെ നാൽപതോളം തെരുവുപട്ടികൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തു.