Timely news thodupuzha

logo

കോതമംഗലം മേഖലയിൽ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതകർക്ക് വനം വകുപ്പ് ജോലി നൽകുന്ന കാര്യം നിയമ പരമായ സാധ്യത പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ.

കോതമംഗലം : കോതമംഗലം മേഖലയിൽ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതകർക്ക് വനം വകുപ്പ് ജോലി നൽകുന്ന കാര്യം നിയമ പരമായ സാധ്യത പരിശോധിക്കുമെന്നും, കോതമംഗലം മണ്ഡലത്തിൽ 650.16 ലക്ഷം രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രത്യേകമായി നടപ്പിലാക്കി വരുന്നുവെന്നും, ചീഫ് വൈൽഡ് ലൈഫ് വാർഡനോട് പ്രദേശങ്ങൾ സന്ദർശിക്കുവാൻ നിർദ്ദേശം നൽകിയതായും മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ കൂടുതൽ ജാഗ്രതയോടു കൂടിയ ഇടപെടലുകളും പ്രതിരോധമാർഗ്ഗങ്ങളും ഉണ്ടാകണമെന്നും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് വനംവകുപ്പ് ജോലി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.

കോതമംഗലം നിയോജക മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും 2024 ഡിസംബറില്‍ കാട്ടാനകളുടെ മുന്നില്‍പ്പെട്ട്‌ മൂന്ന്‌ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു എന്നത്‌ ഏറെ ദൗർഭാഗ്യകരമായ സംഭവങ്ങളാണ്‌.14.12.2024-ന്‌ മൂന്നാര്‍ വനം ഡിവിഷനില്‍ നേര്യമംഗലം റേഞ്ചില്‍ നേര്യമംഗലം-ഇടുക്കി റോഡിലേക്ക്‌ കാട്ടാന മറിച്ചിട്ട പന വീണ്‌ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത ആന്‍മേരി സി.വി എന്നയാളും 17.12.2024 -ന്‌ മൂന്നാര്‍ ഡിവിഷനില്‍ നേര്യമംഗലം റേഞ്ചില്‍ ഇഞ്ചത്തൊട്ടി സ്റ്റേഷന്‍ പരിധിയില്‍വെച്ച്‌ കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ്‌ എന്നയാളും 29.12.2024-ന്‌ കോതമംഗലം ഡിവിഷനില്‍ മുള്ളരിങ്ങാട്‌ റേഞ്ചില്‍ ചുളളിക്കണ്ടം സെക്ഷന്‍ പരിധിയിൽ പശുവിനെ മേയ്ക്കാന്‍ പോകവെ കാട്ടാനയുടെ ആക്രമണത്തിൽ അമര്‍ ഇലാഹി എന്നയാളുമാണ്‌ കൊല്ലപ്പെട്ടത്‌.ഈ പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം വര്‍ദ്ധിച്ചു വരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്‌.

ആന്റണി ജോൺ എം എൽ എ ഈ വിഷയത്തില്‍ നിരന്തരം സബ്മിഷനുകളും ഉന്നയി ക്കുന്നുണ്ട്‌.ആയതുകൊണ്ട്‌ തന്നെ ഈ പ്രദേശത്തിന്‌ പ്രത്യേക പരിഗണന നല്‍കി നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്‌ നടപ്പിലാക്കി വരുന്നത്‌.കോതമംഗലം നിയോജക മണ്ഡലത്തില്‍ 650.16 ലക്ഷം രൂപയുടെ പ്രതിരോധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ നടന്നുവരുന്നത്‌ . ഇവിടെ മൂന്ന്‌ ആര്‍.ആര്‍.ടികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിവിഷന്‍ എമര്‍ജന്‍സി കണ്‍ട്രോൾ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രസ്തുത പ്രവർത്തനങ്ങളെക്കുറിച്ച്‌ മുന്‍പ്‌ സഭയില്‍ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. നടന്നു വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതപ്പെടുത്തി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരി ക്കുന്നതാണ്‌.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എൽ.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്‌ എന്നത്‌ സ്വാഗതാര്‍ഹമാണ്‌.കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന്‌ സര്‍ക്കാരിന്‌ നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ഉണ്ടാകുന്നതാണ്‌. നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കു ന്നതിന്‌ ആവശ്യമായ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌.

കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം ആയതിന്റെ നിയമപരമായ സാധ്യത പരിശോധിക്കുന്നതാണ്‌ .കാര്‍ഷിക വിളകളുടെ നഷ്ടപരിഹാം സംബന്ധിച്ച വിഷയത്തില്‍ 2024 മാര്‍ച്ച്‌ വരെയുള്ള എല്ലാ അപേക്ഷകളിലും തീര്‍പ്പ്‌ കല്‍പ്പിച്ചിട്ടുണ്ട്‌.ധനലഭ്യതയ്ക്ക്‌ അനുസരിച്ച്‌ ബാക്കിയുള്ളവയിലും പരമാവധി വേഗത്തില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിനാണ്‌ വനം വകുപ്പ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കോതമംഗലത്തെ വിഷയങ്ങളെ സംബന്ധിച്ച് അടിയന്തരമായി പരിശോധിക്കുന്നതിനും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുമായി മുഖ്യ വനപാലകൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട്‌ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി കോതമംഗലത്തെത്തി ബന്ധപ്പെട്ടവരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി മുൻഗണന ക്രമത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാനും നിർദ്ദേശം നൽകിയിട്ടുള്ളതായുംമന്ത്രി എ കെ ശശീന്ദ്രൻ സബ്‌മിഷന് മറുപടിയായിട്ട് നിയമസഭയിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *