മൂലമറ്റം: പതിപ്പള്ളി മേമ്മുട്ടം റോഡിലെ യാത്ര കഠിനം. വനം വകുപ്പിന്റെ തടസ്സത്തെ തുടർന്ന് പതിപ്പള്ളി മേമ്മുട്ടം വഴി ഉളുപ്പൂണി റോഡിന്റെ നിർമാണം തടസ്സമാകുന്നു. റോഡ് 3 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതിനാണ് വനം വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ റോഡിന് ഇരുവശത്തും ഐറിഷ് ഒട നിർമിച്ചില്ലെങ്കിൽ പൊളിഞ്ഞുപോകുവാനുള്ള സാധ്യതയും തള്ളികളയുവാനാവില്ല. ഒട്ടേറെ തടസ്സങ്ങളുണ്ടായ ഈ റോഡിന്റെ നിർമാണത്തിന് കോടതി വഴി നിരവധി കേസുകൾക്കുശേഷമാണ് നിർമാണം തുടങ്ങാനായത്.
എന്നാൽ വീണ്ടും തടസ്സം നേരിട്ടിരിക്കുമന്നു. ഐറിഷ് ഓട നിർമിച്ചില്ലെങ്കിൽ റോഡ് തകർന്നുപോകുമെന്നാണ് വിദഗ്ദർ പറയുന്നത്. വനംവകുപ്പിന്റെ തടസ്സം മൂലം ഐറിഷ് ഓട നിർമിക്കാൻ സാധിക്കുന്നില്ല. വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് 10 കിലോമീറ്റർ ദുരമുള്ള പതിപ്പള്ളി ഉളുപ്പൂണി റോഡിൽ മേമ്മുട്ടം വരെയുള്ള 6.600 കിലോമീറ്റർ റോഡ് ടാറിങ് കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയിരുന്നു. റോഡിന് 3 മീറ്റർ മാത്രമാണ് വീതിയുള്ളത്.
റോഡിൽ പലയിടങ്ങളിലും എതിർവശത്തുകൂടി വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും സാധിക്കുന്നില്ല. 3 മീറ്റർ കോൺക്രീറ്റ് ചെയ്തതല്ലാതെ ഇരുസൈഡിലും കല്ല് പാകുകയോ സൈഡ് ചെരിച്ച് വാർക്കുകയോ ചെയ്യാത്തതു കൊണ്ട് ഇരു സൈഡും കട്ടിംഗ് ആയിട്ടാണ് നിൽക്കുന്നത്. ഒരു വണ്ടിക്ക് സൈഡ് കൊടുക്കാൻ പോലുമുള്ള വീതിയില്ല. അതുമൂലം വണ്ടി കുഴിയിൽ ചാടിയാൽ കയറ്റാൻ വിഷമമാണെന്നും യാത്രക്കാർ വ്യക്തമാക്കി. സൈഡ് ഒന്നും ചെയ്യാത്തത് വനം വകുപ്പിൻ്റെ എതിർപ്പു കൊണ്ടാണെന്നാണ് കോൺട്രാക്ടർ പറയുന്നത്. ചില സ്ഥലങ്ങളിൽ കോൺക്രീറ്റ് നന്നായി നനക്കാത്തതു കൊണ്ട് മണൽ തിരിഞ്ഞ് കിടക്കുന്നു. ഇവിടെ കാൽനടയാത്രക്കാർ തെന്നി വീഴുന്നുമുണ്ട്. മറ്റ് പല ഇടങ്ങളിലും കോൺക്രീറ്റ് മിനുക്കി ചെയ്തതു കൊണ്ട് മഴക്കാലമാകുമ്പോൾ പായൽ പിടിച്ച് തെന്നി വീഴും. ആദിവാസി മേഘല കൂടിയായിട്ടും ഭരണം ഉണ്ടായിട്ടും ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണ്.
പട്ടികവർഗ്ഗ കോളനിയായ പതിപ്പള്ളി, മേമ്മുട്ടം പ്രദേശത്തുള്ള ആളുകളുടെ ഏറെക്കാലത്തെ സ്വപ്നമായ ഈ റോഡിന്റെ നിർമാണത്തിന് തുടക്കം മുതൽ സഹായിച്ചിരുന്നത് പി.ടി. തോമസ് ആയിരുന്നു. പി.ടി.തോമസ് എം.പിയായിരുന്ന സമയത്താണ് റോഡിന്റെ ഇൻവസ്റ്റിഗേഷന് പണം അനുവദിച്ചത്. തുടർന്ന് റോഡ് നിർമാണത്തിൽ തടസ്സമുണ്ടായപ്പോൾ ഇത് മറികടക്കാൻ കോടതിയിൽ കേസ് നടത്തുന്നതിനും മുന്നിട്ടിറങ്ങിയത് പി.ടി. തോമസായിരുന്നു. 4 കിലോമീറ്റർ ടാറിങ്ങും 3 കിലോമീറ്റർ ദൂരം 3 മീറ്റർ വീതിയിൽ കോൺക്രീറ്റിങ്ങുമാണ് നടത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഐറിഷ് ഓട നിർമിക്കണമെന്നും റോഡിന് വീതി കൂട്ടാൻ നടപടി സ്വീകരിക്കണമെന്നും ജില്ലയുടെ മന്ത്രി കൂടിയായ റോഷി അഗസ്റ്റിൻ അടിയന്ത്രിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.