ന്യൂഡൽഹി: ഡൽഹിയിൽ വിതരണം ചെയ്യാൻ ഹരിയാനയിൽ നിന്നെത്തിക്കുന്ന കുടിവെള്ളത്തിൽ അവിടത്തെ ബി.ജെ.പി സർക്കാർ വിഷം കലർത്തുന്നുണ്ടെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൃത്തികെട്ട രാഷ്ട്രീയക്കളിയാണിതെന്നും, ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവരെ വിഷം കൊടുത്ത് കൊല്ലാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്നും കെജ്രിവാൾ.
താനുള്ള കാലത്തോളം ഡൽഹിയിലെ ജനങ്ങൾക്ക് വിഷം തീണ്ടാതെ നോക്കുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തു. ഹരിയാനയിൽനിന്ന് ഡൽഹിയിലെത്തിക്കുന്ന കുടിവെള്ളത്തിൽ അമോണിയയുടെ അളവ് ക്രമാതീതമാണെന്ന് ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പ് കമ്മിഷനെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുമുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ഈ വിഷയത്തിൽ വിശദമായ വസ്തുതാ റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഹരിയാന സർക്കാരിന് നിർദേശവും നൽകി.