
ഇടുക്കി: ജില്ലയെ നാല് മേഖലകളായി തരംതിരിച്ച് കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളെ ഊർജിതമാക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു. ബാലനീതി, പോക്സോ, വിദ്യാഭ്യാസ അവകാശം തുടങ്ങിയ നിയമങ്ങളെപ്പറ്റി നടന്ന ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ വകുപ്പുകൾ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുമെന്നും കുട്ടികൾക്കായുള്ള ഡി അഡിക്ഷൻ സെന്ററുകളുടെ അഭാവം ഇല്ലാതാക്കുമെന്നും ബാലനീതി, പോക്സോ, വിദ്യാഭ്യാസ അവകാശം തുടങ്ങിയ നിയമങ്ങളെ സംബന്ധിച്ച് അധ്യാപകർക്ക് കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും കമ്മീഷൻ പറഞ്ഞു.
യോഗത്തിൽ എ.ഡി.എം ഷൈജു പി ജേക്കബ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർമാരായ കെ.കെ ഷാജു, അഡ്വ. ബി മോഹൻകുമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി.ഐ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
