കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ അച്ഛനെതിരെ ഗുരുതര ആരോപണം. ഷൈനി മുൻപ് ജോലി ചെയ്ത കെയർ ഹോമിലെ ഉടമയായ ഫ്രാൻസിസ് ജോർജാണ് അച്ഛൻ കുര്യാക്കോസിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീടിന് അടുത്തുള്ള കെയർ ഹോമിൽ നാല് മാസത്തോളം ജോലി ചെയ്ത ഷൈനി, ജോലി നിർത്താൻ കാരണം അച്ഛൻ കുര്യാക്കോസാണെന്നാണ് കെയർ ഹോം ഉടമ ഫ്രാൻസിസ് ജോർജ് പറയുന്നത്.
ഭർത്താവിൻറെ വീട്ടിൽ നിന്ന് വന്നപ്പോൾ ഷൈനിയുടെ അവസ്ഥ കണ്ടാണ് ജോലി കൊടുത്തത്. ജോലിക്ക് വന്നപ്പോൾ സങ്കടത്തിലായിരുന്ന ഷൈനിക്ക് ജോലി ചെയ്ത് തുടങ്ങിയപ്പോൾ മാറ്റം വന്നു തുടങ്ങിയിരുന്നു. എന്നാൽ ഷൈനിയുടെ അച്ഛൻ സ്ഥാപനം അടപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ആരോഗ്യ വകുപ്പിൽ സ്ഥാപനത്തിനെതിരേ പരാതി കൊടുത്തു. കെയർ ഹോമിലെ ബയോ ഗ്യാസ് പ്ലാൻറിനെതിരെ കുര്യക്കോസ് നാട്ടുകാരെ കൂട്ടി പ്രതിഷേധിച്ചു. ഡൽഹിയിൽ പോയിട്ടാണെങ്കിലും സ്ഥാപനം പൂട്ടിക്കുമെന്ന് കുര്യാക്കോസ് പറഞ്ഞു.
മകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരേ അച്ഛൻ തുടർച്ചയായി പരാതി നൽകിയതോടെയാണ് ഷൈനി രാജിവെച്ചത്. വിദേശത്തേക്ക് പോകണമെന്നും അതിനായി ഐഇഎൽടിഎസ് പഠിക്കണമെന്നും പറഞ്ഞ ഷൈനി രണ്ടും കൂടെ നടക്കില്ലെന്ന കാരണം പറഞ്ഞാണ് ജോലി രാജിവെച്ചതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.