ജോബി ജോൺ തീക്കുഴിവേലിൽ തുടങ്ങനാട് എഴുതുന്നു
1935 മാർച്ച് 8-ന് കല്ലറയ്ക്കൽ[കരിംതുരുത്തേൽ] മാത്യു (മാത്യു സാർ) ജനിച്ചു. തുടങ്ങനാട് സെൻറ് തോമസ് എൽ. പി. സ്‌കൂൾ, ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1952 -ൽ എസ്. എസ്. എൽ. സി. പാസായി. തുടങ്ങനാട് സ്‌കൂളിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് അംഗമായിരുന്നു.
തേവര സേക്രട്ട് ഹേർട്ട് കോളജിൽ നിന്നും ഇൻ്റർ മീഡിയറ്റ് പാസായി. മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ നിന്നും ഗ്രാജേഷനും മദ്രാസ് യൂണിവേഴ്‌സിറ്റി യിൽ നിന്നും സാമൂഹ്യസേവനത്തിൽ പോസ്റ്റ് ഗ്രാജുവേഷനും എടുത്തു. കലാലയ വിദ്യാഭ്യാസത്തിനുശേഷം തുടങ്ങനാട്ടിൽ തിരിച്ചുവന്ന ഇദ്ദേഹം 1958-59 കാലഘട്ടത്തിൽ നടന്ന ഐതിഹാസികമായ വിമോചന സമരത്തിന് മുട്ടം പഞ്ചായത്തിൽ നേത്യത്വം നല്കി. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കുന്നതിനുള്ള വിമോചനസമരം വിജയംകണ്ടു. അഭിപ്രായ വ്യത്യാസമുള്ളവരെ ബഹുമാനിച്ചും അംഗീകരി ച്ചുമുള്ള മാത്യു സാറിൻ്റെ പൊതുപ്രവർത്തന ശൈലി മാതൃകാപരമാണ്.
1960ൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ ഏജൻസി എടുത്ത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹിതരുടെയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുകയുണ്ടായി.
തുടങ്ങനാട് പള്ളിയുടെ യോഗങ്ങളിൽ അംഗ മായിരുന്ന മാത്യുസാർ 1960-ൽ സെൻ്റ് തോമസ് ഹൈസ്‌കൂളിൽ അധ്യാപകനായും സേവനം
ചെയ്തിട്ടുണ്ട്.
1962 മുതൽ 1965 വരെ മുട്ടം വിജയ കോളജിൽ ഇംഗ്ലീഷ്-മലയാളം-ചരിത്രം അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്നു. 1957 മുതൽ 1960 വരെ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും 1960 മുതൽ 1986 വരെ മുട്ടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഡയറക്‌ടർ ബോർഡ് മെമ്പറായും സേവനം ചെയ്‌തു. അന്ന് ഭൂ ഉടമകളുടെയും കർഷകരുടെയും സാമ്പത്തിക ഇടപാടുകളുടെ പ്രധാന കേന്ദ്രമായിരുന്ന പാലാ ബാങ്കിൻ്റെ പതനത്തിന് ശേഷം ഈ നാട്ടിലുള്ള ജനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനായി മാടയ്ക്കൽ തൊമ്മൻ, പള്ളിവാതുക്കൽ ഔസേഫ് എന്നിവരുടെ സഹകരണത്തിൽ ‘ഫ്രട്ടേണൽ ഫണ്ട്’ എന്ന സ്ഥാപനം മുട്ടത്ത് പ്രവർത്തനം തുടങ്ങി.
പാലാ ബാങ്കിൻ്റെ മൂവാറ്റുപുഴ ശാഖയിൽ ഉപയോഗമില്ലാതിരുന്ന സേഫും മറ്റ് സാമഗ്രികളും ലേലത്തിൽ പിടിച്ച് ഈ സ്ഥാപനത്തിലേയ്ക്ക് കൊണ്ടുവന്നു. ചരിത്ര അധ്യാപകനായിരുന്നിട്ടുള്ള ഇദ്ദേഹം ഹൃദിസ്ഥമാക്കിയ റഷ്യൻ വിപ്ലവത്തിന്റെ അടിസ്ഥാന ശിലകളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂന്ന് ആശയങ്ങളിലെ സാഹോദര്യം എന്ന വാക്കിൻ്റെ അർത്ഥത്തിൽ നിന്നും ഊർജ്ജം ഉൾകൊണ്ട് ആരംഭിച്ച ഈ ധനകാര്യസ്ഥാപനം നാട്ടിലെ സാധാരണക്കാരായ കർഷകർക്ക് ഏറെ സഹായകരമായിരുന്നു. അക്കാലത്ത് ഓരേസമയം ആയിരത്തോളം ആളുകൾ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഏകദേശം 40 വർഷക്കാലം ഈ സ്ഥാപനം ഈ പ്രദേശത്തിന് സാമ്പത്തിക ഉണർവ്വ് നല്‌കിയശേഷം ‘ഫ്രട്ടേണൽ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയായി ബാംഗ്ലൂർക്ക് മാറ്റുകയും അതിൻ്റെ ആരംഭം മുതൽ രക്ഷാധികാരിയായി മാത്യു സാർ തുടരുകയും ചെയ്യുന്നു.
തുടങ്ങനാടിന്റെ ഗതാഗത സൗകര്യങ്ങൾക്ക് വേഗംകുട്ടിയ ചള്ളാവയൽ പാലം 1960ൽ നിർമ്മിച്ചത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു. 1960 മുതൽ 1966 വരെ മുട്ടം പ്രൈമറി ഹെൽത്ത് സെൻ്റർ നിർമ്മാണ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
ഒരു പ്ലാന്റ്ർ എന്ന നിലയിൽ മാത്യുസാർ ആദ്യം ചെയ്തത് 1962-ൽ ഇടുക്കി തോപ്രാംകുടിയിൽ ഏലത്തോട്ടം പ്ലാൻ്റ് ചെയ്യുകയായിരുന്നു. 1989 ൽ പാലക്കാട് മുതലമടയിൽ സിസിലിയ മാന്തോട്ടം’ പ്ലാൻ്റ് ചെയ്തു. നിലമ്പൂരിൽ റബ്ബർ എസ്റ്റേറ്റ് ആരംഭിച്ചതും ഇദ്ദേഹ ത്തിന്റെ കാർഷിക മേഖലയോടുള്ള താല്‌പര്യത്തിൻ്റെ നിദർശനമാണ്.
മുട്ടത്ത് 10 വർഷം ‘സുവർണ്ണ സിൽക്ക്ഹൗസ്’ എന്ന സ്ഥാപനം നടത്തിയ ഇദ്ദേഹം തൊടുപുഴയിലെ പ്രമുഖ ഹോട്ടലായ സിസിലിയ ഹോട്ടൽസ് 1989-ശ്രീ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത്. പ്രവർത്തന് ആരംഭിച്ച് ഹോസ്‌പിറ്റാലിറ്റി ബിസിനസിലേയ്ക്ക് കടന്നു. തുടർന്ന് മൂന്നാർ, തേക്കടി (വണ്ടിപ്പെരിയാർ), ചങ്ങനാശ്ശേരി, എറണാകുളം, കോതമംഗലം എന്നിവിടങ്ങളിൽ റിസോർട്ട് ബിസിനസ് ചെയ്തിരുന്നു. ഇപ്പോൾ തന്റെ ബിസിനസ് മേഖല വിദേശരാജ്യങ്ങളിലേക്കും കടന്നിരിക്കുകയാണ്.
1976 മുതൽ 1993 വരെ ദീർഘകാലം മാത്യുസാർ തൊടുപുഴ താലൂക്ക് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റായിരുന്നു. അക്കാലത്ത് ആരംഭിച്ച കാക്കൊമ്പ് മോഡൽ റബ്ബർ പ്രൊസസിംഗ് യൂണിറ്റിൻ്റെ (ആർ. പി. എസ്.) ആരംഭകാലം മുതൽ ഡയറക്ടർ ബോർഡ് അംഗമായി സേവനം ചെയ്യുന്നു . .തൊടുപുഴ സഹകരണ ആശുപത്രിയുടെ വൈസ് പ്രസിഡണ്ട് , തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെ വൈസ് പ്രസിഡണ്ട് , മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡിന്റെ രക്ഷാധികാരി . മുട്ടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ സേവനം ചെയ്തു.
തന്റെ എല്ലാപ്രവർത്തന മേഖലകളിലെ വിജയത്തിന് പിന്നിൽ എല്ലാവിധ പിന്തുണയും നൽകി ചാലക ശക്തിയായി പ്രവർത്തിക്കുന്ന തൻ്റെ പ്രിയപ്പെട്ട ഭാര്യ തുടങ്ങനാട് പുറവക്കാട്ട് കുടുംബാംഗമായ സിസിലിയാണ് എന്ന് പറയുന്നതിൽ മാത്യു സാറിന് അഭിമാനമാണ്.
പിതാവിൻ്റെ പാത പിന്തുടർന്ന് മക്കളായ ബിനോയി, റോയി, സോണി, ഡോ: റോണി എന്നിവർ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ ബിസിനസ് ചെയ്യുന്നു. തന്റെ രണ്ടു പെൺമക്കളായ ഷൈനി കോതമംഗലം എടയ്ക്കാട്ടുകുടി(ഇ.വി.എം ഗ്രൂപ്പ്, കോതമംഗലം ]
ഷേർലി കോട്ടയം മാധവത്ത് എന്നിവിടങ്ങളിലാണ് വിവാഹം ചെയ്ത് അയച്ചിരിക്കുന്നത്.
സാമൂഹ്യ ജീവിതത്തിലും തൻ്റെ ബിസിനസ് രംഗങ്ങളിലും കാർഷിക മേഖലയിലും ക്രിയാത്മക പ്രവർത്തികൾ കൊണ്ടും ദാർശനിക കാഴ്ചപ്പാട് കൊണ്ടും തനതായ വ്യക്തിമുദ്ര പതിപ്പിച്ച മാത്യുവിന് ജന്മദിനത്തിന്റെ മംഗളാശംസകൾ ഹൃദയപൂർവ്വം നേരുന്നു.