വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെൻറ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ അറിയിക്കുന്നത്.
സാധാരണയായി സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ഇതിനു വ്യത്യസ്തമായാണ് മാർപാപ്പയുടെ മരണപത്രം. കൂടാതെ, ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല.
കല്ലറയിൽ ലാറ്റിൻ ഭാഷയിൽ ‘ഫ്രാൻസിസ്’ എന്ന് മാത്രം എഴുതിയാൽ മതിയാകുമെന്നും മാർപാപ്പയുടെ മരണപത്രത്തിൽ വ്യക്തമാക്കുന്നത്. അതേസമയം, സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനിക്കുന്നതിനായി ചൊവ്വാഴ്ച വത്തിക്കാനിൽ കർദിനാൾമാരുടെ പ്രത്യേക യോഗം ചേരും.
മാർപാപ്പയുടെ മൃതദേഹം നിലവിൽ പ്രത്യേക ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച മുതൽ പൊതുദർശനത്തിന് വയ്ക്കും. സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദർശനം. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ( ഇന്ത്യൻ സമയം രാത്രി 11.30 ) ശുശ്രൂഷകൾ തുടങ്ങും. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് 38 ദിവസത്തോളം ആശുപത്രി ചികിത്സയിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസം 23നാണ് വിശ്രമത്തിനായി വസതിയിലേക്ക് തിരികെയെത്തിയത്.
ഗുരുതരാവസ്ഥ തരണം ചെയ്ത ശേഷം അപ്രതീക്ഷിതമായായിരുന്നു അന്ത്യം. 2013ൽ ബനഡിക്റ്റ് പതിനാറാമൻ സ്വമേധയാ സ്ഥാനമൊഴിഞ്ഞതോടെയാണ് അർജൻറീനയിൽനിന്നുള്ള ഹോർഹെ മരിയോ ബർഗോഗ്ലിയോ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നും, പാവങ്ങളുടെ പുണ്യവാളനായ ഫ്രാൻസിസിൻറെ പേര് സ്വീകരിച്ച് 266-ാമത് മാർപാപ്പയായി അധികാരമേൽക്കുന്നതും.
12 വർഷത്തെ വാഴ്ചയിൽ സമാധാനത്തിൻറെയും പരിവർത്തനത്തിൻറെ ദൂതനായി നടത്തിയ പ്രവർത്തനങ്ങളാണ് ഫ്രാൻസിസ് മാർപാപ്പയെ വ്യത്യസ്തനാക്കിയത്.