കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിറിൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ റാഗിങ്ങല്ലെന്ന് പൊലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും കുടുംബപ്രശ്നങ്ങളാവാം മരണകാരണമെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
പുത്തൻ കുരിശ് പൊലീസാണ് ആലുവ റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റിൻറെ 26-ാം നിലയിൽ നിന്നും ജനുവരി 15 നാണ് മിഹിർ ചാടി മരിക്കുന്നത്. പിന്നാലെ സ്കൂളിൽ നേരിട്ട ക്രൂര റാഗിങ്ങാണ് മകൻറെ ആത്മഹത്യയ്ക്ക് പിന്നിലെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച തെളിവുകൾ നിരത്തി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മിഹിറിനെ സ്കൂളിലെ സീനിയർ വിദ‍്യാർഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. വാഷ് റൂമിൽ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി വച്ച് ഫ്ളഷ് അമർത്തി. ഇതിനെ തുടർന്നുണ്ടായ മാനസിക – ശാരീരിക പീഡനം സഹിക്കാൻ വയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്നുമാണ് മാതാപിതാക്കൾ നൽകിയ പരാതിയിലുണ്ടായിരുന്നത്.