Timely news thodupuzha

logo

സൗഹൃദവും സാന്ത്വനവുമായി പൂർവവിദ്യാർത്ഥി കൂട്ടായ്മ

മാങ്കുളം: സെൻ്റ് മേരീസ് ഹൈസ്കൂളിലെ 1995 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കുടുംബസമ്മേളനം സൗഹൃദത്തിന് ഒപ്പം സാന്ത്വനവുമായി. സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയതിന്റെ മുപ്പതാം വാർഷികത്തിൽ സംഘടിപ്പിച്ച സമ്മേളനം മുൻ ഹെഡ്മാസ്റ്റർ പി. ജെ. ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

1995 ബാച്ച് അലുംമ്നൈ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. സെബിൻ എസ്. കൊട്ടാരം അധ്യക്ഷത വഹിച്ചു. ആന്ധ്രപ്രദേശിലെ നാഗാരാമിലുള്ള ബാല യേശു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സജീവ, സാജു കെ. ജെ., ദീപ ജോൺ, സീമ ബിനോയ്, സീമ സോണി, റോമീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഒന്നാം ക്ലാസ് മുതൽ ഒപ്പം പഠിച്ചവരും ഇടയ്ക്ക് മറ്റ് സ്കൂളുകളിലേക്ക് മാറിപ്പോയവരും പഠിത്തം നിർത്തിയവരും ഉൾപ്പെടെയുള്ള കൂട്ടുകാരെയെല്ലാം പങ്കെടുപ്പിച്ചായിരുന്നു സമ്മേളനം. മൺമറഞ്ഞ കൂട്ടുകാരെയും അധ്യാപകരെയും അനുസ്മരിച്ചു കൊണ്ടായിരുന്നു സമ്മേളനത്തിൻ്റെ തുടക്കം.

തുടർന്ന് ഓർമ്മകൾ പങ്കുവെയ്ക്കലും കളികളും സൗഹൃദം പുതുക്കലും സ്നേഹ വിരുന്നുമെല്ലാം നടത്തി. സൗഹൃദത്തിനൊപ്പം രണ്ടു കൂട്ടുകാരുടെ ഭവന നിർമ്മാണത്തിനും മറ്റൊരു കൂട്ടുകാരൻ്റെ ജീവിതപങ്കാളിയുടെ ചികിത്സക്കും താങ്ങായിക്കൊണ്ടാണ് പൂർവ വിദ്യാർത്ഥി സമ്മേളനം സമാപിച്ചത്.

തുടർന്ന് തിരഞ്ഞെടുപ്പും നടത്തി. ഭാരവാഹികൾ: പി.ജെ ലൂക്കോസ്(രക്ഷാധികാരി), ഡോ. സെബിൻ എസ് കൊട്ടാരം(പ്രസിഡൻ്റ്), അബ്ദുള്ള ഇ.എസ്(വൈസ് പ്രസിഡൻ്റ്), സീമ ബിനോയ്(സെക്രട്ടറി), മനോജ് കെ.എസ്(ജോ. സെക്രട്ടറി), സീമ സോണി(ട്രഷറർ) എന്നിവരും ഭരണ സമിതി അംഗങ്ങളായി റോമീഷ് ജോസഫ്, സാജു കെ.ജെ, ദീപ ജോൺ, റോബിൻ സിറിയക്, സോജൻ വർക്കി, റിൻസി ജേക്കബ്, ജയ്സൻ തൈക്കൂട്ടത്തിൽ, സുജാത, സിജു ആരംപുളിക്കൽ, ജോബിൻ ജോർജ്, ജോബി ഉതുപ്പ്, സുലേഖ തുടങ്ങിയവരും തിരഞ്ഞടുക്കപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *