Timely news thodupuzha

logo

സ്വരാജിനെ പുകഴ്ത്തി കെ.റ്റി ജലീൽ

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജിനെ പുകഴ്ത്തി മുൻ മന്ത്രി കെ.റ്റി ജലീൽ. വളർന്നുവരുന്ന രാഷ്ട്രീയ നേതാക്കളിൽ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവാണ് സ്വരാജെന്നും ഫാസിസ്റ്റ് ദുർഭൂതങ്ങൾക്കെതിരായ പോരാട്ടത്തിൻറെ മുന്നിൽ മാറ് വിരിച്ച് പട നയിക്കുന്ന പോരാളിയാണ് അദ്ദേഹമെന്നും ജലീൽ പറഞ്ഞു. ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിലൂടെയായിരുന്നു ജലീൽ ഇക്കാര‍്യം വ‍്യക്തമാക്കിയത്.

ജലീലിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും; കേരളത്തിന് സുപരിചിതമായ നാമം. കഴിവും പ്രാപ്തിയും അറിവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചെറുപ്പക്കാരൻ. സംശുദ്ധമായ വ്യക്തിത്വത്തിൻറെ ഉടമ. വളർന്നു വരുന്ന രാഷ്ട്രീയ നേതാക്കളിൽ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജനകീയ മുഖം. എഴുത്തും വായനയും ജീവിതത്തിൻറെ ഭാഗമാക്കിയ നേതാവ്. അരുതായ്മകളോടും തൊഴിലാളി വിരുദ്ധ നിലപാടുകളോടും സന്ധി ചെയ്യാത്ത മനുഷ്യസ്നേഹി.

ഫാസിസ്റ്റ് ദുർഭൂതങ്ങൾക്കെതിരായ പോരാട്ടത്തിൻറെ മുന്നിൽ മാറ് വിരിച്ച് പട നയിക്കുന്ന പോരാളി.എല്ലാ വർഗീയ ശക്തികളോടും ഒരു കഴമ്പും വീട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കലർപ്പില്ലാത്ത മതേതരവാദി. പൊതുപ്രവർത്തകരിൽ ദാർശനിക ഭാവവും ലാളിത്യവും സ്വയത്തമാക്കിയ പ്രതിഭ. വിനയവും നിഷ്കപടതയും സമന്വയിച്ച ചുവപ്പിൻറെ പ്രതീകം.

അസൂയയും കുശുമ്പും തൊട്ടുതീണ്ടാത്ത യഥാർഥ വിപ്ലവകാരി. അധ:സ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും നിലവിളികൾക്ക് കാത് കൊടുത്ത കമ്മ്യൂണിസ്റ്റ്. റീൽസും കുതന്ത്രങ്ങളും ജനങ്ങളെ പൊട്ടീസാക്കലും പയറ്റാതെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ സത്യസന്ധനായ രാഷ്ട്രീയക്കാരൻ. സത്യത്തിൻറെയും ധർമത്തിൻറെയും ന്യായത്തിൻറെയും പക്ഷത്ത് ലാഭനഷ്ടങ്ങൾ നോക്കാതെ നിലയുറപ്പിച്ച രാജ്യസ്നേഹി.

സംസാരത്തിലും പെരുമാറ്റത്തിലും മാന്യത കൈവിടാതെ തൻറെ വാദമുഖങ്ങൾ സ്ഥാപിച്ചെടുക്കാൻ അനിതരസാധാരണ വൈഭവമുള്ള നിപുണൻ. പ്രസംഗകലയിൽ തൻറേതുമാത്രമായ പാത വെട്ടിത്തെളിയിച്ച് ശ്രദ്ധേയനായ പ്രഭാഷകൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതൃ നിരയിലേക്ക് ഏറനാട് സംഭാവന ചെയ്ത സമര ഭടൻ.

നേരു പറയാൻ ഒരു തമ്പുരാനെയും ഭയപ്പെടാത്ത ഉശിരൻ. മലപ്പുറത്തിൻറെ ‘ഗരിമ’ ലോകം കേൾക്കെ വിളിച്ചു പറയാൻ ലവലേശം പിശുക്കു കാണിക്കാത്ത തേരാളി. സഖാവ് കുഞ്ഞാലി നടന്ന വഴികളിലൂടെ പൊന്നരിവാളും ചുറ്റികയും വാനോളം ഉയർത്തിപ്പിടിച്ച് അടിപതറാതെ ചുവടുകൾ വെക്കാൻ കാലം കരുതിവെച്ച ചെന്താരകം.

‘സ്വരാജ്’ എന്ന വാക്കിന് മഹാത്മാഗാന്ധി നൽകിയ അർഥം ‘ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ ഇന്ത്യ’ എന്നാണ്. ഭാവിയിൽ ആ വാക്ക് എല്ലാ രാഷ്ട്രീയ മാലിന്യങ്ങളിൽ നിന്നും നിലമ്പൂരിനെ മുക്തമാക്കിയവൻ എന്ന അർഥത്തിലാകും മലയാള പദാവലികളിൽ എഴുതിച്ചേർക്കപ്പെടുക. പവിഴപ്പുറ്റാണെന്ന് നിലമ്പൂരുകാർ ധരിച്ചവരൊക്കെ പാമ്പിൻപുറ്റുകളാണെന്ന് തിരിച്ചറിഞ്ഞ വർത്തമാന കാലത്ത് ആത്മാർഥതയും സാമൂഹ്യ പ്രതിബദ്ധതയും ഇഴുകിച്ചേർന്ന സ്വരാജിനാകട്ടെ ഇത്തവണത്തെ വോട്ട്.

വലതുപക്ഷ രാഷ്ട്രീയക്കാർ വെട്ടിവീഴ്ത്തി അരുംകൊല ചെയ്ത വീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ യഥാർഥ പിൻഗാമിയായി സ്വരാജ് കേരള നിയമസഭയിൽ ഉണ്ടാകണം. സ്വരാജ് ജയിക്കും. സ്വരാജ് ജയിക്കണം. സ്വരാജ് ജയിച്ചേ പറ്റൂ.

Leave a Comment

Your email address will not be published. Required fields are marked *