ഹൈദരാബാദ്: ടെലിവിഷൻ ചർച്ചക്കിടെ ആന്ധ്രാപ്രദേശിലെ അമരാവതി മേഖലയിലെ സ്ത്രീകൾക്കെതിരേ മോശം പരാമർശം നടത്തിയതിന് മുതിർന്ന മാധ‍്യമപ്രവർത്തകൻ കൊമ്മിനേനി ശ്രീനിവാസ റാവു അറസ്റ്റിൽ.
ആന്ധ്രാപ്രദേശ് മുൻ മുഖ‍്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിയിയിൽ അവതാരകനാണ് ശ്രീനിവാസ റാവു. സംസ്ഥാന മഡിഗ കോർപ്പറേഷൻ ഡയറക്റ്റർ ഖമ്പംപടി സിരിഷയുടെ പരാതിയിൽ തുള്ളൂർ പൊലീസാണ് കേസെടുത്തത്. പിന്നാലെ ഹൈദരാബാദിലെ വസതിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീനിവാസ റാവുവിനെ ഗുണ്ടൂർ ജില്ലയിലെ കോടതിയിൽ ഹാജരാക്കിയേക്കും. സാക്ഷി ടിവിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു റാവുവിൻറെ അധിക്ഷേപ പരാമർശം.
അമരാവതി വേശ‍്യകളുടെ തലസ്ഥാനമാണെന്നും ദൈവങ്ങളുടെയല്ലെന്നുമായിരുന്നു റാവുവിൻറെ പരാമർശം. എയ്ഡ്സ് രോഗികൾ മാത്രമാണ് അവിടെ താമസിക്കുന്നതെന്നും ശ്രീനിവാസ റാവു പറഞ്ഞിരുന്നു. പരാമർശം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ടിഡിപിയും, സഖ‍്യകക്ഷികളായ ജനസേന പാർട്ടിയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.