കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് ഒഴിവാക്കുന്നതിന് 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐക്ക് സസ്പെൻഷൻ. പയ്യാവൂർ സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്ഇൻസ്പെക്റ്റർ ആയിരുന്ന ഇബ്രാഹിം സീരകത്തിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മേയ് 13ന് പയ്യാവൂരിൽ മദ്യപിച്ച് വാഹനമോടിച്ച കോട്ടയം സ്വദേശി അഖിൽ ജോണിനെ സ്റ്റേഷനിൽ ഹാജരാക്കാതെ ഫോൺ നമ്പർ വാങ്ങി വിട്ടയയ്ക്കുകയായിരുന്നു.
പിറ്റേന്ന് ഇയാളെ വിളിക്കുകയും മറ്റൊരാളുടെ പേരിൽ കേസെടുത്ത്, നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായി പകരക്കാരന് നൽകാനും കോടതി ചെലവിലേക്കുമായി 14,000 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റുകയായിരുന്നു എന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തുന്നതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.