മലപ്പുറം: ഇറാൻ – ഇസ്രയേൽ യുദ്ധത്തെ തുടർന്ന് ഇറാൻ – ഇറാഖ് അതിർത്തിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് ഇറാഖ് വിസ ലഭിച്ചു. ഒമാനിൽ നിന്നും ഉന്നത ഇടപെടലുണ്ടായതിനെ തുടർന്നാണ് വിസ ലഭിച്ചത്. ഇതോടെ ഇവർ നാട്ടിലേക്ക് തിരിച്ചെത്തും. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഫീഖ്, ഭാര‍്യ നൗറിൻ സമദ്, മുഹമ്മദ് ഷെഫീഖ്, ഭാര‍്യ സൗഫിയ ഫാത്തിമ എന്നിവരാണ് ഇറാൻ- ഇറാഖ് അതിർത്തിയിൽ കുടുങ്ങിയത്.
ഒമാനിൽ ജോലി ചെയ്തുവരികയായിരുന്ന കുടുംബം വിനോദയാത്രക്കായാണ് ഇറാനിലേക്ക് പോയത്. എന്നാൽ തിരിച്ചു പോരുന്നതിനായി ടെഹ്റാൻ വിമാനത്താവളത്തിലെത്തിയേപ്പോഴാണ് ഇസ്രയേൽ ആക്രമണം നടത്തുന്നുവെന്ന വാർത്ത അറിഞ്ഞത്.

പിന്നീട് വിമാനത്താവളം ഒഴിപ്പിച്ചപ്പോൾ ഇറാനിലെ ഒമാൻ എംബസിയിൽ അഭയം തേടുകയായിരുന്നു. ഒമാൻ എംബസിയുമായി ബന്ധപ്പെട്ട് ഇറാഖിലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും ഒമാൻ പൗരത്വമുള്ളവർക്ക് മാത്രമായിരുന്നു ഇറാഖിലേക്ക് കടക്കാൻ സാധിച്ചത്. നാട്ടിൽ തിരിച്ചെത്തുന്നതിന് ഇന്ത‍്യൻ എംബസിയുടെ സഹായം വേണമെന്ന് നേരത്തെ തന്നെ കുടുംബം ആവശ‍്യപ്പെട്ടിരുന്നു.