ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ യുദ്ധം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്ന ‘ഓപ്പറേഷൻ സിന്ധു’വിൻറെ ഭാഗമായുള്ള ആദ്യ വിമാനം വ്യാഴാഴ്ച ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നും പുറപ്പെട്ട വിമാനത്തിൽ 110 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്.
സംഘത്തിലുണ്ടായിരുന്ന 90 പേർ ജമ്മു കശ്മീർ സ്വദേശികളും 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായിരുന്നു. കൂട്ടത്തിൽ മലയാളികളില്ലെന്ന് നോർക്ക വ്യക്തമാക്കി. തിരികെയെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തിൽ എത്തിയിരുന്നു.
ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർഥികൾ എംബസിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇവർ മടങ്ങിയേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ടെഹ്റാനിൽ നിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചിട്ടുണ്ട്.
ചിലർ സ്വമേധയാ ടെഹ്റാനിൽ നിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെയും വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുമെന്നാണ് വിവരം. ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്.

അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കിൽ ഇസ്രയേലിൽനിന്നും ഏകദേശം 25,000 ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിൻറെ റിപ്പോർട്ട്.






