തൊടുപുഴ: ഭാരതീയ സ്റ്റേറ്റ് ബാങ്ക് ൻ്റെ എഴുപതാം, സ്ഥാപകദിന വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച്, എസ്. ബി. ഐ. റീജണൽ ബിസിനസ് ഓഫീസ് തൊടുപുഴയുടെ ആഭിമുഖ്യത്തിൽ, മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിൽ(ഓട്ടോണോമസ്), രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തി. എസ്. ബി. ഐയും, മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ബ്ലഡ് സെൻ്റർ തൊടുപുഴയും സംയുക്തമായി നടത്തിയ ക്യാമ്പിൽ, എസ്. ബി. ഐയിലെ ജീവനക്കാരും കുടുംബാംഗങ്ങളും, സെന്റ് ജോസഫ്സ് കോളേജിലെ ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു. രക്തദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും, സുരക്ഷിതമായി രക്തദാനം ചെയ്യുന്നിലുള്ള അവബോധം വളർത്തുന്നതിനും, “ജീവൻ്റെ വരദാനം പങ്കുവെക്കൂ, രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ” എന്ന സന്ദേശം മുൻ നിർത്തി സംഘടിപ്പിച്ച ഈ പരിപാടി, സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

എസ്.ബി.ഐ ചീഫ് മാനേജർ ഗ്രീഷ്മ റിച്ചാർഡ് അധ്യക്ഷത വഹിച്ചു. ഐ.എം.എ ബ്ലഡ് സെന്റർ തൊടുപുഴ ഇൻ ചാർജ് ദേവകി അന്തർജനം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോബി കൊടിയൻ, അഖില മരിയ റീഗൽ, അനു സാജു, ഷൈജു എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലീഡ് ഡിസ്ട്രിക്ട് മാനേജർ റെജി രാജ്, അറക്കുളം പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ പീറ്റർ എബ്രഹാം, എസ്.ബി.ഐ എച്ച്.ആർ മാനേജർ കെ അഖിൽ, നാഷണൽ കോൺഫെഡെറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ഇടുക്കി ജില്ലാ സെക്രട്ടറി എസ് അനിൽകുമാർ, എസ്.ബി.ഐ മൂലമറ്റം ശാഖാ മാനേജർ ബിമൽ തോമസ് എന്നിവർ സന്ദേശം നൽകി.