ഉടുമ്പന്നൂർ: നൂതനവും വ്യത്യസ്തവും മാതൃകാപരവുമായ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടന്നു. 2024 ജനുവരി ഒന്നാകുമ്പോഴേക്കും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന മുഴുവൻ ആളുകളേയും ഡിജിറ്റൽ പണമിടപാടുകളടക്കം നൂതന സാങ്കേതിക വിദ്യകളുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗങ്ങൾ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്താക്കി ഉടുമ്പന്നൂരിനെ പ്രഖ്യാപിക്കുകയെന്നതാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ വാർഡുകളിലും പ്രത്യേക കൃഷിക്കൂട്ടങ്ങൾ രൂപിച്ച് 16 ഇനം പച്ചക്കറികൾ ജൈവമാതൃകയിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി ഗ്രാമം പദ്ധതി, വനിതകളുടെ ആരോഗ്യ സുരക്ഷയോടൊപ്പം വ്യക്തി – പരിസര ശുചിത്വവും സാമ്പത്തിക ലാഭവും ഉറപ്പു വരുത്തുന്ന നൂതന ഉപകരണമായ മെൻസ്ട്രൽ കപ്പ് പെൺകുട്ടികൾക്ക് സൗജന്യമായി നൽകുന്ന കുമാരി സുരക്ഷാ നവജീവന പദ്ധതി, വീട്ട് വളപ്പിൽ വിഷരഹിത മത്സ്യവും ഔഷധ ഗുണമുള്ള ചെറുതേനും ഉത്പാദിക്കുവാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ, വിദ്യാഭ്യാസ മേഖലയിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മാനസിക- ബൗദ്ധികപരമായ പരിശീലനങ്ങൾ നൽകി മുമ്പിലെത്തിക്കുന്ന മികവ് പ്രോഗ്രാം, ഭിന്നശേഷിക്കാർക്കും വനിതകൾക്കുമായി വിവിധ സ്വയം തൊഴിൽ സംരംഭ സഹായ പദ്ധതികൾ, സമ്പൂർണ്ണ ക്യാൻസർ രോഗ സുരക്ഷയും ഡയാലിസിസ് രോഗികൾക്ക് ധനസഹായവും ഉറപ്പു വരുത്തുക, ബാല സൗഹൃദ – ഭിന്നശേഷി സൗഹൃദ പഞ്ചായത്തെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള വിവിധ പ്രോജക്ടുകൾ, പശ്ചാത്തുതല സൗകര്യങ്ങളുടെ വികസനവും അനിവാര്യ പ്രോജക്ടുകളുമുൾ എന്നിവയുൾപ്പടെ 7 കോടി 80 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾക്ക് വികസന സെമിനാർ അന്തിമ രൂപം നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം. ലതീഷായിരുന്നു ഉദ്ഘാടനം. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ ജോയി സ്വാഗതവും അസി. പ്ലാൻ കോ – ഓഡിനേറ്റർ നിയാസ് സി.കെ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം നൈസി ഡെനിലായിരുന്നു കരട് പദ്ധതി രേഖ പ്രകാശനം ചെയ്തത്. സ്ഥിരം സമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ , സുലൈഷ സലിം, സെക്രട്ടറി ജോൺ.ജി.ഗ്രീക്ക്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ.റ്റി.എം.സുബൈർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസി സോജൻ, ജിജി സുരേന്ദ്രൻ, വിവിധ ജന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.