ഇടുക്കി: ആനച്ചാലിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുരുങ്ങുകയും സംഭവം വലിയ വാർത്തയാവുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള രംഗത്തെത്തിയിട്ടുള്ളത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമടക്കം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്.ആനസവാരി കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി നിയമം പാലിച്ചാണോ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഗ്രീൻ കെയർ കേരള ജില്ലാ ജനറൽ സെക്രട്ടറി കെ ബുൾബേന്ദ്രൻ ആവശ്യപ്പെട്ടു.
വിനോദ സഞ്ചാര സീസൺ ആരംഭിക്കുന്നതോടെ സഞ്ചാരികൾ കൂടുതലായി ജില്ലയിലേക്കെത്തുമെന്നിരിക്കെ ആനസവാരി കേന്ദ്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് ആവശ്യം.സാഹസിക വിനോദ സഞ്ചാരം പോലെ അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റുമെത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ആനസവാരി.ഈ സാഹചര്യത്തിൽ കൂടിയാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ അവക്കെതിരെ നടപടി വേണമെന്ന ആവശ്യം ഗ്രീൻ കെയർ കേരള മുമ്പോട്ട് വച്ചിട്ടുള്ളത്.





