തിരുവനന്തപുരം: കട്ടപ്പന നഗരസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. ഇ.എം ആഗസ്തിയുടെ സമൂഹ മാധ്യമ പോസ്റ്റ് കോൺഗ്രസ് കേന്ദ്രങ്ങളിൽ ചർച്ചയായി. ഒരു കാലഘട്ടത്തിൽ കോൺഗ്രസിനെ ശക്തമായി നയിച്ച ആഗസ്തിയുടെ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് കോൺഗ്രസ് സഹയാത്രികനായ അഡ്വ. പി റഹീം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. റഹീമിൻ്റെ കുറിപ്പ് കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും ചർച്ചയായി.

അഡ്വ. പി റഹീം എഴുതിയത് ഇങ്ങനെയാണ്;
പ്രിയപ്പെട്ട അഗസ്തി , ഒരു കാരണവശാലും രാഷ്ട്രീയം വിടരുത്* .രാഷ്ട്രീയം വിടുന്നതിന് താങ്കൾക്ക് ഇപ്പോൾ തക്കതും മതിയായതുമായ ഒരു കാരണവുമില്ല. ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പും വിജയവും പരാജയവും കൂടപ്പിറപ്പാണ്. പരാജയപ്പെട്ടു എന്നുള്ള ഒറ്റക്കാര്യം കൊണ്ട് രാഷ്ട്രീയ രംഗത്ത് നിന്ന് മാറണമെന്ന് ചിന്ത ഒരു രാഷ്ട്രീയ നേതാവിന് ഒട്ടും ഉചിതമല്ല എന്നാണ് ചാണക്യന്റെ കാലം മുതൽ ഇങ്ങോട്ടുള്ള എല്ലാ രാഷ്ട്രീയ മീമാംസ ഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇവിടെ പലതവണ എംഎൽഎയായി. പഞ്ചായത്ത് മെമ്പർ ആയി .പ്രാഥമിക സഹകരണ സംഘത്തിലെ മെമ്പറും പ്രസിഡന്റുമായി .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയി .ജില്ലാ പഞ്ചായത്ത് മെമ്പറായി .ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടായി.കോൺഗ്രസിൽ താഴേതലം തൊട്ട് കെ പി സി യുടെ ജനറൽ സെക്രട്ടറി വരെ ആയി . ഇതുപോലെ പല പദവികളിലും എത്തിച്ച പാർട്ടിയെ കൈവെടിഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നിർത്തി രാഷ്ട്രീയപ്രവർത്തനരംഗത്തോട് വിട പറയുന്നത് നാളിതുവരെ പ്രവർത്തിച്ച പാർട്ടിയോടും ഒപ്പം പ്രവർത്തിച്ച പ്രവർത്തകരോടും നീതീകരിക്കാനാവാത്ത ഒരു തീരുമാനമാണ്. കാലം ഇനിയും മുന്നോട്ടു പോകും. രാജ്യവും മുന്നോട്ടു പോകും .രാഷ്ട്രീയ പ്രവർത്തനവും മുന്നോട്ടു പോകും. പക്ഷേ ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുപോയി എന്ന് ഒറ്റക്കാരണം കൊണ്ട് രാഷ്ട്രീയ പ്രവർത്തന രംഗത്ത് നിന്നും ജനസേവനരംഗത്തു നിന്നും പിന്മാറുന്നത് ഒരു നേതാവിന് യോജിച്ചതല്ല എന്നാണ് രാഷ്ട്രീയ മീമാം സകരുംരാഷ്ട്രീയ തന്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്.കെഎസ്‌യുവിന്റെ തൊടുപുഴ താലൂക്ക് പ്രസിഡണ്ടായിരുന്നു താങ്കൾ. പിന്നീട് ഇടുക്കി ജില്ലാ പ്രസിഡണ്ടായി. അഗസ്തിയുടെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യത്തെക്കുറിച്ച് നമ്മൾ തമ്മിൽ പരിചയമാകുന്നനാലര പതിറ്റാണ്ടിന് മുമ്പ് തന്നെ ഞാൻ കേട്ടുംപത്രങ്ങളിൽ വായിച്ചും അറിഞ്ഞിരുന്നു.1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ സ്ഥാനാർത്ഥിയായി താങ്കൾ മത്സരിച്ച കാലം ഞാൻ ഓർക്കുകയാണ് .അന്ന് സംസ്ഥാനത്ത് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികളിൽ കെട്ടിവെച്ച കാശ് വാങ്ങിച്ച് രണ്ട് സ്ഥാനാർത്ഥികളിൽ ഒരാൾ അഗസ്തി ആണ് എന്ന് ഞാൻ അഭിമാനപൂർവ്വം ഓർക്കുന്നു .മറ്റൊരാൾ ഏറ്റുമാനൂരിൽ മത്സരിച്ച ജോർജ് ജോസഫ് പൊടിപ്പാറ ആയിരുന്നു കെട്ടിവച്ച കാശ് വാങ്ങിയ സ്വതന്ത്ര സ്ഥാനാർഥി .തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം കട്ടപ്പനയിൽ അഗസ്തിക്കുവേണ്ടി നടന്ന അത്യുഗ്രമായ പ്രകടനം കട്ടപ്പന വാസികളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട് .പക്ഷേ അന്നത്തെ ആ തലമുറ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമായി ഇന്ന് ഒതുങ്ങിയിരിക്കുകയാണ് . നമ്മൾ തമ്മിൽ പരിചയമാകുന്നത് തിരുവനന്തപുരത്തുള്ള ഭാസ്കര ഭവൻ ഹോട്ടലിൽ 34ആമത്തെ മുറിയിൽ വച്ചാണ് .നമ്മൾ ഇരുവരുടെയും സുഹൃത്തായിരുന്നജോൺ ജോർജ് ആണ് ആ മുറി എടുത്ത് താമസിച്ചിരുന്നത് .അദ്ദേഹത്തെ കാണാനായി ഞാൻ അവിടെ വന്നപ്പോൾ പാൻ്റ്സും ഷർട്ടും ധരിച്ച് അവിടെനിന്ന അഗസ്തിയുടെ രൂപം ഇന്നും എൻറെ മനസ്സിൽ ഉണ്ട്. ജോൺ ജോർജ് ആണ് നമ്മളെ തമ്മിൽ പരിചയപ്പെടുത്തിയത് .അന്ന് അഗസ്തി യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ട്രഷറർ ആയിരുന്നു.പി എ ജോസഫ് യൂത്ത് കോൺഗ്രസിന്റെ ഇടുക്കി ജില്ലാ പ്രസിഡണ്ടും ജോയി തോമസ് കെ എസ് യുവിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്നുആ കാലഘട്ടത്തിൽ.അന്ന് നിങ്ങൾ ആ മൂന്നുപേരുടെ ടീം അത് ഇടുക്കി ജില്ലയിലെ കോൺഗ്രസിന്റെ അതിശക്തമായ ടീമായിരുന്നു . ആ ഒരുമയിൽ വിള്ളലുകൾ ഉണ്ടായതിൽ വിഷമമുണ്ടെങ്കിലും രാഷ്ട്രീയ പ്രവർത്തന രംഗത്ത്, രാഷ്ട്രീയ ജീവിതത്തിൽ അതെല്ലാം അനിവാര്യമായ ഘടകങ്ങൾ ആണെന്ന് രാഷ്ട്രീയ പുസ്തകങ്ങളും രാഷ്ട്രീയമീ മാംസകരുംരാഷ്ട്രീയ ചിന്തകളും അടിവരയിട്ട് പറയുന്നതുകൊണ്ട് ആ വിഷയങ്ങളെല്ലാം രാഷ്ട്രീയ പ്രവർത്തനരംഗത്ത് അനിവാര്യമായ പ്രക്രിയകളാണ് എന്നാണ് എൻറെ വിശ്വാസം.മന്ത്രിയായിരുന്ന എൻറെ മുതിർന്നസുഹൃത്ത് കെ കെ ബാലകൃഷ്ണൻ സാർ പറഞ്ഞതുപോലെ രാഷ്ട്രീയത്തിൽ ആരുമായും സ്ഥായിയായ അകൽച്ചയോ അടുപ്പമോ ഇല്ല.മറിച്ച് അപ്പപ്പോൾ ഉള്ള സാഹചര്യമനുസരിച്ച് ഓരോരുത്തരും അവരുടെ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നത് .അതിൽ ആരെയും ആരും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. രാഷ്ട്രീയത്തിന്റെ അനിവാര്യമായപ്രക്രിയകളിൽ ഒന്നാണത് .ഇ എം അഗസ്തിയുമായുള്ള എൻറെ സ്നേഹ ബന്ധത്തെക്കുറിച്ച് എനിക്ക് വളരെ വ്യക്തമായ ഓർമ്മകൾ ഉണ്ട്.അതൊന്നും ഇവിടെ കുറിയ്ക്കുന്നില്ല .ഈ അവസരത്തിൽഎൻറെ ഓർമ്മകൾ നാലര പതിറ്റാണ്ട് പുറകിലേക്ക് പോവുകയാണ്.അഗസ്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻറെ വിവാഹം.വിവാഹത്തിന്റെ ഒത്തുകല്യാണം നടന്നത് പൊൻകുന്നത്തിന് സമീപമുള്ള ചെങ്ങളം പള്ളിയിൽ വച്ചാണ്.തലേദിവസം തൊടുപുഴയിൽ ഉണ്ടായിരുന്ന ഞാനും ജോയ് തോമസും സാജു പുളിമൂടും ഒരുമിച്ചാണ് പൊൻകുന്നത് പോയത്.അവിടെ ചെല്ലുമ്പോൾ അന്നത്തെ ഇടുക്കി എംഎൽഎ റോസമ്മ ചാക്കോ ഉൾപ്പെടെ നിരവധി പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് അവിടെ സന്നിഹിതരായിരിക്കുന്നത് കണ്ടു.ചടങ്ങ് കഴിഞ്ഞ് കോട്ടയം അയ്യപ്പാസിൽ വസ്ത്രങ്ങൾ വാങ്ങുന്നതിന് വേണ്ടി വരന്റെയും വധുവിന്റെയും ആൾക്കാർ ഒരുമിച്ച് പോയ കൂട്ടത്തിൽഎന്നെക്കൂടി കൂട്ടുന്നതിനുള്ള അതി വിശാലമായ മനസ്സ് കാണിച്ചസഹൃദയനായിരുന്നു അഗസ്തി എന്ന് ഞാൻ ഓർക്കുന്നു.വസ്ത്രങ്ങളെല്ലാം എടുത്ത ശേഷംഞാനുംഅഗസ്തിയും തിരുവനന്തപുരത്തേക്കാണ് തിരിച്ചത്.അവിടെ അഗസ്തി സ്ഥിരമായി വരുമ്പോൾ താമസിക്കുന്നസന്തോഷ് ലോഡ്ജിൽ ഞങ്ങൾ താമസിച്ച ശേഷംവന്ന കാര്യങ്ങളൊക്കെ നടത്തിയ അഗസ്തി തിരികെ പോയി.ഒരു വെക്കേഷൻ സമയമായിരുന്നു അത്.അഗസ്തി തിരിച്ചു പോയെങ്കിലും വെക്കേഷൻ തീരുന്നതിന് രണ്ടുമൂന്നു ദിവസം കൂടി ഉള്ളതുകൊണ്ട് അതുവരെ എനിക്ക് താമസിക്കുന്നതിനുള്ള വാടകയും കൂടി കൊടുത്തിട്ടാണ് അദ്ദേഹം പോയത് എന്ന വസ്തുത

എൻറെ ഓർമ്മയിലെഅഭിമാനപൂരിതമായ മുഹൂർത്തങ്ങളായിജീവിച്ചിരിക്കുന്നു.അതിനുശേഷം എംഎൽഎ ആയ അദ്ദേഹംആദ്യമായിതിരുവനന്തപുരത്ത് വന്നപ്പോൾ താമസിച്ചതും സന്തോഷ് ഹോട്ടലിൽ തന്നെയാണ്.അവിടെവച്ചും ഞങ്ങൾ തമ്മിൽ കണ്ടിരുന്നു.ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോല എന്ന മലയോര നിയോജകമണ്ഡലത്തിൽ നിന്നാണ് അഗസ്തി അസംബ്ലിയിലേക്ക് മത്സരിച്ചത്. ആ തെരഞ്ഞെടുപ്പിൽ അഗസ്തിക്കുവേണ്ടി പ്രവർത്തിക്കുന്നതിന് ഞാൻ ഉടുമ്പൻ ചോലയിലെ മുക്കും മൂലയും അന്ന് താണ്ടി .ആദ്യമായി അവിടെ പോകുന്നതിന് ഞാൻ എത്തിയത് കട്ടപ്പനയിലാണ് .അവിടെ എൻറെ സുഹൃത്ത് അഡ്വക്കേറ്റ് മാത്യു കട്ടപ്പന ഏർപ്പെടുത്തിത്തന്ന ലോഡ്ജിൽ രാത്രി താമസിച്ച ശേഷം പിറ്റേന്ന് രാവിലെ 20ഏക്കറിലുള്ള അഗസ്തിയുടെ വീട്ടിലേക്ക് പോയി .അവിടെനിന്ന് ഞാനും അഗസ്തിയും ഒരുമിച്ചാണ് ഉടുമ്പൻ ചോലയിലേക്ക് പോയത് .അവിടെ അഗസ്തി ഒരു ലോഡ്ജിൽ എന്നെ താമസിപ്പിക്കാനായി ഇടപാട് ചെയ്തു.ഹൈറേഞ്ചിന്റെ അത്യുന്നതങ്ങളിലേക്ക് അന്ന് ജീപ്പിൽ അഗസ്തിയുടെ സ്ഥാനാർത്ഥി പര്യടനത്തോടൊപ്പം നടത്തിയ യാത്രമറക്കാത്ത അനുഭവങ്ങളാണ്.ആ തെരഞ്ഞെടുപ്പിലും അതിനുശേഷം ഉള്ള തെരഞ്ഞെടുപ്പിലും അഗസ്തി ഉടുമ്പൻ ചോലയിൽ മത്സരിച്ചു വിജയശ്രീലാളിതനായി. അതിനുശേഷം അദ്ദേഹം പീരുമേട് നിയോജകമണ്ഡലത്തിൽ മത്സരിച്ചപ്പോഴും പ്രവർത്തിക്കുന്നതിന് വേണ്ടി ഞാൻ പോയിരുന്നു. ഇങ്ങനെ പതിറ്റാണ്ടുകൾ നീളുന്ന എത്രയെത്രയെ എത്ര ഓർമ്മകളാണ് അഗസ്തിയുംഞാനുമായുള്ള ഇടപെടലുകളിൽ ഉള്ളത് .അഗസ്തിയുടെ ഉയർച്ചകളിൽ എന്നും അഭിമാനിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. അദ്ദേഹത്തിൻറെ ഉയർച്ച അഭിമാനപൂർവ്വം ആണ് ഞാൻ എൻറെ സുഹൃത്തുക്കളുടെ അടുക്കലും എനിക്ക് പരിചയമുള്ള ആൾക്കാരുടെ അടുക്കലും അവതരിപ്പിച്ചിരുന്നത് .സൗമ്യനും ശാന്തനും ആയിരുന്നു അഗസ്തി എന്ന്ഞാൻ ഓർക്കുന്നു.സ്വന്തം വാർഡിൽ ഈ തെരഞ്ഞെടുപ്പിൽ തോറ്റത്ശുദ്ധഹൃദയനായ അദ്ദേഹത്തിന് താങ്ങാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് നിന്ന് പിൻവാങ്ങുന്നു എന്ന് പ്രഖ്യാപിച്ചത്എന്നാണ് എൻറെ നിഗമനവും വിലയിരുത്തരും. അദ്ദേഹത്തോട് എനിക്ക് ഒരു അപേക്ഷയെ ഉള്ളൂ രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പും വിജയവും പരാജയവും സ്വാഭാവികമാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും അതുപോലുള്ള മറ്റു പ്രമുഖരായ ദേശീയ നേതാക്കളും തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടുണ്ട് ,കാമരാജ് ഉൾപ്പെടെ.പക്ഷേ അവരാരും ഒരിക്കലും രാഷ്ട്രീയപ്രവർത്തനം നിർത്തി തിരശ്ശീലയിട്ടില്ല.കൂടുതൽവാശിയോടും കൂടുതൽ വീറോടും കൂടി ജനസേവനത്തിന് വേണ്ടി രാഷ്ട്രീയ രംഗത്ത് തന്നെ തുടർന്നമഹാന്മാരായ നേതാക്കളുടെ പാതയാണ് അഗസ്തിയും ഇപ്പോൾ പിന്തുടരേണ്ടത് എന്നാണ് എൻറെ അഭിപ്രായം. അവരെയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴുള്ള അവരുടെ നിലപാടുകളും ആത്മവിശ്വാസവും ആണ് അഗസ്തി ഈ അവസരത്തിൽ സ്വീകരിയ്ക്കേണ്ടത്.അ തു തന്നെയാണ് മാതൃക ആക്കേണ്ടതും. മത്സരിക്കാൻ താല്പര്യമില്ലെങ്കിൽ ഇനി മത്സരിക്കേണ്ട. പക്ഷേ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിന് എന്താണ് തടസ്സം? അതുകൊണ്ട് രാഷ്ട്രീയ രംഗത്ത് നിന്ന് പിന്മാറുന്നു എന്നപ്രഖ്യാപനം പിൻവലിച്ച് രാഷ്ട്രീയ പ്രവർത്തനരംഗത്ത് തുടരുന്നതിന് തയ്യാറാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു…..അഡ്വക്കേറ്റ് പി റഹിം






