ഇടുക്കി: ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് നൗഫലിനെ(38) താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ഇയാളെ കട്ടപ്പനയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ കട്ടപ്പനയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. ഹൃദയാഘാതത്തിനുള്ള പ്രാഥമിക ചികിത്സകൾ പോലും താലൂക്ക് ആശുപത്രിയിൽ ലഭ്യമായിരുന്നില്ല. ആംബുലൻസ് സൗകര്യം ഇല്ലാതിരുന്നതിനാൽ സ്വകാര്യ വാഹനത്തിലാണ് നൗഫലിനെ കട്ടപ്പനയ്ക്ക് കൊണ്ടുപോയത്.
ഇതിന് മുമ്പും സമാനമായ രീതിയിൽ നിരവധി മരണങ്ങൾ താലൂക്ക് ആശുപത്രിയിൽ സംഭവിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ വേണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് തേനി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ പോകേണ്ട അവസ്ഥയിലാണ് നെടുങ്കണ്ടം മേഖലയിലെ രോഗികൾ. ഇല്ലെങ്കിൽ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടതായും വരുന്നു. നമ്പർ വൺ ആരോഗ്യ കേരളം എന്ന് ഭരണാധികാരികൾ കൊട്ടിഘോഷിക്കുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രികളിൽ പോലും മതിയായ ചികിത്സാ സൗകര്യം ഇല്ല എന്നത് വ്യക്തമാണെന്ന് കെ.പി.സി.സി സെക്രട്ടറി എം.എൻ ഗോപി കുറ്റപ്പെടുത്തി.
എട്ട് വർഷത്തോളമായി തുടരുന്ന താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണം ഇനിയും എങ്ങും എത്തിയിട്ടില്ല. പരിമിതമായ സൗകര്യങ്ങളാണ് നിലവിൽ ഇവിടെയുള്ളത്.





