തൊടുപുഴ: റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക്.ആവോലി കുരുവമ്മാക്കൽ കെ.ഡി വർക്കി (58) ക്കാണ് പരിക്കേറ്റത്.

കാലിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുളമാവ് ഡാമിനു സമീപത്തെ പാലത്തിലുള്ള അനധികൃത കോൺക്രീറ്റ് ഹംപിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. ഇരട്ടയാറിലെ തറവാട്ടുവീട്ടിൽ നിന്ന് ആവോലിയ്ക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്.പാലം കടക്കുന്ന ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്തുള്ള അടയാളങ്ങളില്ലാത്ത കോൺക്രീറ്റ് ഹംപ് തൊട്ടടുത്തെത്തുമ്പോൾ മാത്രമേ കാണാൻ കഴിയൂ.സാധാരണ വേഗതയിലെത്തിയ വർക്കിയുടെ സ്കൂട്ടർ അശാസ്ത്രീയമായി നിർമിക്കപ്പെട്ട കോൺക്രീറ്റ് ഹംപിൽ കയറി മറിയുകയായിരുന്നു.
വലിയ അപകട ഭീഷണിയാണ് ഈ ഹംപെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.പൊതുമരാമത്തുവകുപ്പ് നിർമിതമല്ല ഈ ഹംപെന്നാണ് അറിയാൻ കഴിയുന്നത്. ഹൈമാസ്റ്റ് ലൈറ്റ്,സിസി കാമറ തുടങ്ങിയവ സ്ഥാപിച്ചപ്പോൾ കെഎസ്ഇബി അധികൃതർ എളുപ്പമാർഗമെന്ന നിലയിൽ പാലത്തിലെ റോഡിലൂടെ കേബിൾ വലിച്ച് മുകളിൽ കോൺക്രീറ്റ് ചെയ്തതായാണ് അറിയുന്നത്.പാലത്തോടനുബന്ധിച്ച് ആവശ്യമായി വരുന്ന ഇത്തരം അറ്റകുറ്റപ്പണികൾക്കായി പാലത്തിൽ സ്ഥാപിക്കാറുള്ള പൈപ്പുകൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ഇവിടെ ഹംപ് നിർമിക്കേണ്ടി വരുമായിരുന്നില്ല. പൊതുമരാമത്ത് നിർമിക്കുന്ന തരത്തിൽ ശാസ്ത്രീയമായ നിർമാണവുമല്ല ഇതെന്നത്അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്.ഡാം സന്ദർശനവും ഹൈറേഞ്ച് യാത്രയും കഴിഞ്ഞെത്തുന്ന സഞ്ചാരികൾ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർ നിത്യേന അപകടത്തിൽ പെടുന്നുണ്ട്.പ്രഥമ ശുശ്രൂഷയും വിശ്രമവും ആവശ്യമുള്ള നിസാര പരിക്കുകളായതിനാലും വാഹനങ്ങൾക്ക് കാര്യമായ തകരാർ സംഭവിക്കാത്തതിനാലും ആരുമിത് കാര്യമായി പരിഗണിക്കുന്നില്ല.കുട്ടികൾ ഉൾപ്പെടെ കുടുംബമായെത്തുന്ന സ്കൂട്ടർ യാത്രക്കാർഅപകടത്തിൽ ഉൾപ്പെടുകയോ അപകട സമയത്ത് റോഡിൽ ഇതര വാഹനങ്ങൾ ഉണ്ടാകുകയോ ചെയ്താൽ സ്ഥിതി ഗുരുതരമായേക്കും. വാഹന യാത്രക്കാരുടെ പ്രത്യേകിച്ച്ഇരുചക്രവാഹനയാത്രക്കാരുടെ ജീവാപായത്തിനു മുമ്പ് അനധികൃത ഹംപ് പൊളിച്ചുനീക്കി ഇതര മാർഗങ്ങളിലൂടെ സുരക്ഷിതമായി കേബിൾ സ്ഥാപിക്കാൻ കെഎസ്ഇബി അധികൃതർ അടിയന്തരമായി തയാറാകണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്.കുളമാവ് പാലത്തിനു സമീപമുള്ള അനധികൃത കോൺക്രീറ്റ് ഹംപിൽ കയറി നിയന്ത്രണം വിട്ടുണ്ടായ സ്കൂട്ടർ അപകടം.






