കൊച്ചി: വർധിച്ച പി.എഫ് പെൻഷനുവേണ്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്ഒ) അംഗങ്ങൾ നെട്ടോട്ടമോടുന്നതിനിടയിൽ വിവാദ അദാനി ഓഹരികളിലേക്ക് തൊഴിലാളികളുടെ പി.എഫ് നിക്ഷേപം ഒഴുകുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിലുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ തട്ടിപ്പ് പുറത്തുവന്ന ശേഷവും ഇവയിൽ ഇപിഎഫ്ഒ നിക്ഷേപം തുടരുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് എന്നീ ഓഹരികളിൽ ഇപിഎഫ്ഒ വലിയ നിക്ഷേപം നടത്തിയതായാണ് ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നത്.
നിഫ്‌റ്റി 50, സെൻസെക്‌സ് എന്നീ ഓഹരി വിപണി സൂചികകളിൽ ട്രാക്ക് ചെയ്യുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് (ഇ.ടി.എഫ്) എംപ്ലോയീസ് പ്രൊവിഡന്റ് ഓർഗനൈസേഷൻ അവരെുടെ 15 ശതമാനം നിക്ഷേപിക്കുന്നത്. ഇതിൽ നിഫ്റ്റി 50 ട്രാക്ക് ചെയ്യുന്ന ഇടിഎഫുകളിൽ ആകെ ഇക്വിറ്റി നിക്ഷേപത്തിന്റെ 85 ശതമാനം നീക്കിവെച്ചിട്ടുണ്ട്. അദാനി എന്റർപ്രൈസസ് നിഫ്‌റ്റി 50 സൂചികയിലേക്ക് 2022 സെപ്‌റ്റംബറിൽ കൂട്ടിച്ചേർത്തിരുന്നു. അദാനി പോർട്ട്‌സ് ആൻഡ് എസ്ഇ ഇസഡ് ഓഹരികൾ 2015 സെപ്‌തംബർ മുതൽ നിഫ്‌റ്റി 50യിലുണ്ട്.