പ്രാദേശിക വികസനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജനപ്രതിനിധികൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച റോഡുകൾ വരുന്നത്തോടെ നാടിന്റെ മുഖഛായ മാറും. കൂടാതെ ജില്ലാ ആസ്ഥാനത്ത് പുതിയ കെ. എസ്. ആർ. ടി. സി ഡിപ്പോ വന്നാൽ പഞ്ചായത്തിനുള്ളിൽ പ്രാദേശിക വണ്ടികൾ ഓടുന്ന സാഹചര്യവും സംജാതമാകും . റോഡ് പൂർത്തിയാക്കാൻ 20 ലക്ഷം രൂപ കൂടി മന്ത്രി അനുവദിച്ചതായും മന്ത്രി അറിയിച്ചു. പ്രദേശത്തെ മുതിർന്ന വ്യക്തികളെ യോഗത്തിൽ മന്ത്രി ആദരിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യൻ അധ്യക്ഷത വഹിച്ചു.
2023 ജനുവരി 8 ന് നിർമാണം ഉദ്ഘാടനം നടത്തിയ ചേലക്കൽപടി – മുക്കണ്ണൻകുടി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 പദ്ധതികളിലായി 38 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർത്തിയാക്കിയത്. ജില്ല പഞ്ചായത്ത് പൈനാവ് ഡിവിഷനും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലും ഉൾപ്പെടുന്ന ചേലക്കൽപടി പ്രദേശത്ത് 10 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കാക്കനാട്ടുപടി കലുങ്കും ജില്ലാപഞ്ചായത്ത് പദ്ധതിയിലെ 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലെ 18 ലക്ഷം രൂപയും ഉൾപ്പെടെ 28 ലക്ഷം രൂപയും ചിലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
പെരിങ്കാല, മണിയാറൻകുടി പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേക്കും ചെറുതോണി മേഖലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതും ഈ പ്രദേശത്തെ ആദ്യകാല റോഡുകളിൽ ഒന്നുമാണ് ചേലക്കൽപ്പടി മുക്കണ്ണൻകുടി റോഡ്. പ്രദേശവാസികൾ വർഷങ്ങൾക്ക് മുൻപ് നിർമിച്ച മണ്ണ് റോഡ് 2018 ലെ പ്രളയത്തിൽ വിവിധയിടങ്ങളിൽ മണ്ണ് ഇടിഞ്ഞു വാഹനയാത്ര ബുദ്ധിമുട്ടിലായിരുന്നു. ഈ വഴിയുടെ ടാറിംഗ് പൂർത്തിയായതോടെ പ്രാദേശവാസികൾക്ക് പ്രധാനറോഡിലേക്ക് വേഗത്തിലെത്താൻ സാധിക്കും. യോഗത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, രാജു ജോസഫ്, മുൻ പഞ്ചായത്ത് അംഗം അമ്മിണി ജോസ്, എ. ഡി. എസ് അംഗം രേഖ സതീഷ്, പ്രദേശത്തെ മുതിർന്ന വ്യക്തികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.