മുട്ടം: ഒരു കുടംബത്തിലെ അഞ്ച് പേരടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം. തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിലെ പഞ്ചായത്തുപടിക്കു സമീപം 25 അടി താഴ്ചയിലുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. പിഞ്ചു കുഞ്ഞുൾപ്പെടെ വാഹനത്തിലുള്ളിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തേനി സന്ദർശനം കഴിഞ്ഞ് സ്വന്തം നാടായ ആലുവയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
സ്ഥിരം അപകട മേഖലയായ പഞ്ചായത്തുപടിയിലെ വളവിനെക്കുറിച്ച് വാഹനം ഓടിയച്ചയാൾക്ക് ധാരണയുണ്ടായിരുന്നില്ല. കൂടാതെ റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറും ആറ് മാസം മുമ്പ് നടന്ന അപകടത്തിൽ നഷ്ടപ്പെട്ടിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
ആറ് മാസം മുമ്പായിരുന്നു കാഞ്ഞിരപ്പള്ളിയിൽ നിന്നും മാർത്താണ്ടത്തേക്ക് ലാറ്റക്സുമായി വന്ന നാഷ്ണൽ പെർമിറ്റ് വാഹനം ഇതേ വളവിൽ നിന്നും കൊക്കയിലേക്ക് വീണത്. അന്നത്തെ അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറായ തമിഴ്നാട് സ്വദേശി മരണപ്പെടുകയും ചെയ്തിരുന്നു.
റോഡരികിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്തു കൊണ്ടായിരുന്നു ലോറി കൊക്കയിലേക്ക് മറിഞ്ഞത്. പിന്നീട് നാട്ടുകാരുടെയും മറ്റും പരാതിയെ തുടർന്ന് റവന്യൂ – പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഡിവൈഡർ ഉടൻ തന്നെ പുനസ്ഥാപിക്കാമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ മറ്റ് നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കിയിട്ടില്ലെന്നും ഡിവൈഡർ പുനസ്ഥാപിച്ചിരുന്നെങ്കിൽ ഈ അപകടം ഉണ്ടാവുമായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.