കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഷോറൂമൂകളിൽ മോട്ടോർ വാഹനവകുപ്പിന്റെ റെയ്ഡ്. മാനുഫാക്ചേഴ്സിന് നൂറ് കോടി രൂപ പിഴ ഈടാക്കാവുന്ന തട്ടിപ്പാണ് കണ്ടെത്തിയതെന്ന് കൊച്ചിയിൽ റെയ്ഡിന് നേതൃത്വം നൽകിയ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു.
കൊച്ചി ഉൾപ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ലൈസൻസും രജിസ്ട്രേഷനും വേണ്ടാത്തവയാണ് 25കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വാഹനങ്ങൾ. ഇവയുടെ മോട്ടോർ ശേഷി കൂട്ടി വേഗം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
250 വാട്സ് ശേഷിയുള്ള വാഹനങ്ങൾ ശേഷി കൂട്ടി വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.വേഗം കൂട്ടുന്നതുമൂലം അപകടങ്ങൾ ഉണ്ടായാൽ യാത്രക്കാർക്ക് ഇൻഷൂറൻസ് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഷോറൂമിലാണോ നിർമ്മാതാക്കളാണോ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതെന്ന് വ്യക്തമല്ലെന്ന് കമ്മീഷണർ പറഞ്ഞു.