ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ രജത ജൂബിലി വാർഷികാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ ഷീബ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉടുമ്പന്നൂർ സ്വദേശി മുഹമ്മദ് അഫ്സലിനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം മന്ത്രി റോഷി അഗസ്റ്റിൻ മുഹമ്മദ് അഫ്സലിന് കൈമാറി.
സമ്മേളനത്തിന് മുന്നോടിയായി 16 വാർഡുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന സാംസ്ക്കാരിക റാലി നടത്തി. പാറേക്കവലയിൽ നിന്നും ആരംഭിച്ച റാലി അന്തരിച്ച മുൻ ഡി.ഡി.എസ് ചെയർ പേഴ്സൺ ലാലി ബേബിയുടെ നാമധേയത്തിൽ പ്രത്യേകം സജ്ജമാക്കിയ പൊതുസമ്മേളന വേദിയിൽ സമാപിച്ചു.
പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് മുഖ്യപ്രഭാഷണവും എ.ഡി.എസുകൾക്കുള്ള റിവോൾവിംഗ് ഫണ്ടിന്റെ വിതരണോത്ഘാടനവും നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ശാന്തമ്മ ജോയി, സുലൈഷ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജെ ഉലഹന്നൻ, എ.എൻ മുരളി, ജോർജ് അറയ്ക്കൽ, സി.ഡി.എസ് അംഗങ്ങളായ ജയശ്രീ ഗോപാലകൃഷ്ണൻ, ഷിജി ജോബ്, ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
വിവിധ വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ കലാകാരികൾ കലാപരിപാടികളും അവതരിപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ സജീന ഉല്ലാസ് നന്ദിയും പറഞ്ഞു.