ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം. സമരം ചെയ്തിരുന്ന താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയതിനു ശേഷമാണ് താരം ആദ്യമൊഴി പിൻവലിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നൽകിയിരുന്നത്.
ഈ മൊഴികൾ പിൻവലിച്ച് ഐ.പി.സി 164 പ്രകാരം പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ പുതിയ രഹസ്യമൊഴി നൽകി. പുതിയ മൊഴി പ്രകാരമായിരിക്കും ഇനി കേസ് മുന്നോട്ടു പോകുക. ശനിയാഴ്ചയാണ് അമിത് ഷാ സമരം ചെയ്തിരുന്ന സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ എന്നിവരുമായി ചർച്ച നടത്തിയത്. ഇതിനു പിന്നാലെ മൂന്നു പേരും ജോലിയിൽ തിരികെ പ്രവേശിച്ചു.

താരങ്ങൾ സമരത്തിൽ നിന്നു പിന്മാറിയെന്ന മട്ടിലുള്ള വാർത്തകൾ പ്രചരിച്ചുവെങ്കിലും സമരത്തിൽ തന്നെ തുടരുമെന്ന് താരങ്ങൾ വ്യക്തത വരുത്തിയിരുന്നു. അതിനു പുറകേയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മൊഴി പിൻവലിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ പെൺകുട്ടി തയാറായിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം 7 ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗികാതിക്രമം ആരോപിച്ച് പരാതി നൽകിയിരുന്നത്.