എറണാകുളം: മഹാരാജാസ് കോളെജിൻറെ പേരിൽ വ്യാജ രേഖ ചമച്ചതായി പരാതി. പൂർവ വിദ്യാർഥിയാണ് വ്യാജ രേഖ ചമച്ച് മറ്റൊരു കോളെജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലിക്കെത്തിയതെന്ന് പരാതിയിൽ പറയുന്നു. കൊളേജിൻറെ സീലും വൈസ് പ്രിൻസിപ്പലിൻറെ ഒപ്പും വ്യാജമായി ഉണ്ടാക്കി, രണ്ട് വർഷം മഹാരാജാസിൽ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്.
കാസർഗോഡ് സ്വദേശി കെ. വിദ്യക്കെതിരേയാണ് പരാതി. ഇതിൽ എസ്.എഫ്.ഐയുടെ പിന്തുണ ലഭിച്ചെന്നാരോപിച്ച് കെ.എസ്.യു രംഗത്തെത്തി. അട്ടപ്പാടി ഗവൺമെൻറ് കോളെജിലെ അഭിമുഖത്തിന് ഹാജരായപ്പോൾ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളെജ് അധികൃതർ മഹാരാജാസുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വരുന്നത്. പിന്നീട് മഹാരാജാസ് കോളെജ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.