Timely news thodupuzha

logo

ഗോവധ നിരോധനം പിൻവലിക്കുമെന്ന കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: സംസ്ഥാനത്തെ ഗോവധ നിരോധനം പിൻവലിക്കുമെന്ന കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കടേഷിന്‍റെ പ്രസ്താവന മുഖ്യമന്ത്രി സിദ്ധരാമയ്യ തിരുത്തി.

ഇങ്ങനെയൊരു തീരുമാനം സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും, മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വെങ്കടേഷിന്‍റെ പ്രസ്താവന വന്നതിനു പിന്നാലെ ഹിന്ദുത്വ സംഘടനകൾ ഇതിനെതിരേ പ്രതിഷേധം തുടങ്ങിയിരുന്നു.

മുൻ ബിജെപി സർക്കാരാണ് കർണാടകയിൽ ഗോവധം നിരോധിച്ച് നിയമ നിർമാണം നടത്തിയത്. ഈ നിയമത്തിൽ അവ്യക്തതയുണ്ടെന്നും ഇതു ചർച്ച ചെയ്യുമെന്നുമാണ് സിദ്ധരാമയ്യ പറയുന്നത്.

ബിജെപി സർക്കാർ നടപ്പാക്കിയ നിയമത്തിൽ പോത്ത്, എരുമ, കാള തുടങ്ങിയ മൃഗങ്ങളെ കശാപ്പ് ചെയ്യാമെന്നും പശുക്കളെ കശാപ്പ് ചെയ്യരുതെന്നുമാണ് പറയുന്നത്.

ഇത് ക്ഷീര കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും, പ്രായമായ പശുക്കളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്നുമായിരുന്നു വെങ്കടേഷിന്‍റെ നിലപാട്. കാളകളെ കശാപ്പ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് പശുക്കളെ കശാപ്പ് ചെയ്തുകൂടാ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

പശുക്കളുമായി ഇന്ത്യക്കാർക്ക് വൈകാരികമായ ബന്ധമാണുള്ളതെന്നും, അമ്മയ്ക്കു തുല്യമായി അവയെ ആരാധിക്കുന്നുണ്ടെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രതികരണം.

ഗോവധ നിരോധനം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാരിന്‍റെ നീക്കം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുമെന്നും, ഇതു സാമുദായിക സൗഹാർദം തകർക്കുമെന്നും ബൊമ്മെ അഭിപ്രായപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *