കുമളി: ഇൻഡ്യൻ നാഷണൽ കോൺഗസിന്റെ ഇടുക്കി ജില്ലയിലെ പ്രധാന നേതാവായിരുന്ന കെ.പി.സി.സി എക്സ്സിക്യൂട്ടീവ് അംഗം കുമളി പ്ലാവുവച്ചതിൽ പി.എ ജോസഫ് (74) അന്തരിച്ചു. സംസ്കാരം നാളെ നാലിന് വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് അട്ടപ്പള്ളം ഫെറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാലിക്കുട്ടി(ആദായ നികുതി ഓഫീസർ തിരുവനന്തപുരം). മക്കൾ: അച്ചു ജോസഫ്, ടിങ്കിൾ ജോസഫ്. മരുമകൾ: കരീന ജോബ്.
കെ കരുണാകരന്റെ വിശ്വസ്തൻ ആയിരുന്ന പി.എ ജോസഫ് ഒറ്റപാലം എൻ.എസ്.എസ് കൊളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പിന്നീട് കുമളിയിൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തു. അതിനുശേഷം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ഐ.എൻ.റ്റി.യുസിയുടെ ദേശീയ വർക്കിഗ് പ്രസിഡന്റ്, സ്പൈസ് ബോർഡ് വൈസ് ചെയർമാൻ, അമരാവതി സഹകരണ ബാങ്ക്, മലനാട് കാർഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റ്, കേരള സ്റ്റേറ്റ് എസ്‌റ്റേറ്റ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, പ്രഥമ ജില്ലാ കൗൺസിൽ അംഗം, പ്രദേശ് കോൺഗ്രസ് കമ്മറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
കുമളിയിൽ പ്രിയ കോളേജ് സ്ഥാപിച്ചതിലൂടെ ധാരളം ശിഷ്യരെ നേടിയെടുത്തു. അമരാവതി കുടിയിറക്കിൽ പ്രതിക്ഷേധിച്ചും തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുമായി നിരാഹാര സമരങ്ങളും പി.എ ജോസഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.