ന്യൂഡൽഹി: പട്യാല ഹൗസ് കോടതിയിൽ ലൈംഗികാതിക്രമ കേസിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ പോക്സോ കേസിൽ ബ്രിജ് ഭൂഷണെതിരെ തെളിവുകളില്ലെന്നും കേസ് ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
കേസിൽ ജൂലൈ നാലിന് വിശദമായ വാദം കേൾക്കും. ബ്രിജ് ഭൂഷണെതിരായ നടപടി ഗുസ്തി താരങ്ങളുടെ പരാതിയിലാണ്. ബ്രിജ് ഭൂഷണെതിരെ മാസങ്ങളോളം നടത്തിയ സമരങ്ങൾക്കൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കായിക മന്ത്രി അനുരാഗ് താക്കൂർ ജൂൺ 15 അകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത് ഗുസ്തി താരങ്ങളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ്.
ജൂൺ 30നുള്ളിൽ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. ബ്രിജ് ഭൂഷൺ സിങ്ങിനെയോ കുടുംബാംഗങ്ങളെയോ തെരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കരുതെന്നും താരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ് ഭൂഷണെതിരെ നൽകിയിരിക്കുന്ന പരാതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്. ഇതിനിടയിൽ പ്രായപൂർത്തിയാവാത്ത ഗുസ്തി താരം മൊഴി മാറ്റിയത് ഏറെ വിവാദമായിരുന്നു.