
കൊച്ചി: കേരളത്തിൽ സ്വർണത്തിന് തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ബുധനാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയിലുമെത്തി.
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ജൂൺ പതിനഞ്ചോടെയാണ് സ്വർണ വില 44,000 രൂപയ്ക്കു താഴെയെത്തിയത്. വില കുറയുന്ന പ്രവണത തുടരുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ആഗോള വിപണിയിലെ വിലയുടെ ഏറ്റക്കുറച്ചിലുകൾ തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ. യുഎസ് ഫെഡറൽ റിസർവ് നയ പ്രഖ്യാപനവും ഇക്കാര്യത്തിൽ നിർണായകമായി.
യുഎസ് പലിശ നിരക്ക് ഉയർത്തി നിർത്തുന്നതാണ് സ്വർണ വിലയും ഉയർന്നു നിൽക്കാൻ ഒരു പ്രധാന കാരണം. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ യു.എസ് ഇനി പലിശ നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആനുപാതികമായ വിലക്കുറവ് സ്വർണത്തിലും പ്രതീക്ഷിക്കാം.
അതേസമയം, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ യു.എസ് ഡോളറിനെ കൂടുതലായി ആശ്രയിക്കുന്ന രീതിക്കു പകരം സ്വർണത്തെ ആശ്രയിക്കുന്ന രീതിയിലേക്കു മാറാൻ ശ്രമിക്കുന്നതും സ്വർണ വിലയെ ഭാവിയിൽ സ്വാധീനിക്കാൻ ഇടയുള്ള ഘടകമാണ്. ചിങ്ങ മാസം അടുക്കുന്നതോടെ കേരളത്തിലെ വിവാഹ സീസൺ തുടങ്ങുന്നത് ആഭ്യന്തര വിലയിലും പ്രതിഫലിക്കും.