കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഇ.ഡിയുടെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി.
വിദേശ സംഭാവന നിയന്ത്രണം നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് ഇ.ഡിഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുക. ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനാണ് അന്വേഷണ ചുമതല. 2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി.സതീശൻ്റെ എഫ്.സി.ആർ.എ, എഫ്.ഇ.എൺ.എ, വിദേശയാത്ര, പണപ്പിരിവ്, പണത്തിൻ്റെ വിനിയോഗം എന്നിവയുടെ ചട്ടലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുക. തുടർന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡൽഹിയിലേക്ക് കൈമാറും. ഡൽഹിയിൽ നിന്നും അനുമതി ലഭിച്ചാൽ ഉടൻ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യും.
പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാറിൻ്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അറിവോടെയാണോ ഈ പദ്ധതി നടപ്പാക്കിയതെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.