തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുന്നതിനാൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കൊല്ലം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്.
കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. എംജി, കണ്ണൂർ, കെടിയു സർവ്വകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ഡാമുകൾ തുറന്നു.