കൊച്ചി: ഫേസ്ബുക്, ഇൻസ്റ്റാ മാതൃകുടുംബമായ മെറ്റയിൽ നിന്നുള്ള പുതിയ ആപ്പ് ത്രഡ്സിന്(Threads) സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്. ആപിന്റെ ലോഗോയാണ് ഏറെ ചർച്ചയായത്. ലോഗോ തയ്യാറാക്കിയത് മലയാളിയാണോയെന്നാണ് പലർക്കും സംശയം. ലോഗോക്ക് മലയാളം അക്ഷരമായ ക്ര യോട് ഏറെ സാദൃശ്യമുണ്ട്.
ഒന്ന് ചെരിച്ചു നോക്കിയാൽ ത്രയെന്നും വായിക്കാം. ത്രഡ്സിന്റെ ത്ര ആണെന്നും അല്ല ക്രഡ്സിലെ ക്ര ആണെന്നും പറയുന്നവരുണ്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോം ട്വിറ്ററിന് വെല്ലുവിളിയാണ് മെറ്റയുടെ ഇൻസ്റ്റഗ്രാമുമായി ലിങ്ക് ചെയ്യാനാകുന്ന ‘ത്രെഡ്‌സ്’ ആപ്ലിക്കേഷൻ എന്നും പറയുന്നു.വരണം വരണം മിസ്റ്റർ ഇന്ദുചൂഡനെന്നു പറഞ്ഞാണ് എഫ്.ബിയിൽ പ്രദീപ് കോശി(pradeep Koshy) ത്രഡ്സിനെ സ്വീകരിച്ചത്.
മലയാളത്തിലെ പഴയലിപിയിലുള്ള ക്ര യോട് സാമ്യമുള്ള ലോഗോ ഒന്ന് ചരിച്ചാൽ ത്രഡ്സിന്റെ ആദ്യാക്ഷരം ത്ര ആവും. ട്വിറ്ററിന് എതിരാളിയാവാനാണ് ത്രഡ്സിനെ മെറ്റാ അഴിച്ചുവിടുന്നത്. ഉപഭോക്താക്കളെയും ജീവനക്കാരേയും വെറുപ്പിക്കുന്ന അപ്ഡേറ്റുകളുമായെത്തുന്ന ഇലോൺ മസ്കിന്റെ ട്വിറ്ററിനെ ചുറ്റിവരിഞ്ഞുകെട്ടാൻ ത്രഡ്സിനാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഇന്ന് സന്ധ്യക്ക് 7.30ന് ലോഞ്ച് ചെയ്യുമെന്ന് അനൗൺസ് ചെയ്തിരുന്ന ത്രഡ്സ് വെളുപ്പിനെ 4.30ന് തന്നെ ലോഞ്ച് ചെയ്തുകഴിഞ്ഞുവലിയ നെടുനീളൻ എഴുത്തുകളൊന്നുമില്ല. ചെറിയ സംഭാഷണ രീതിയിലാണ് ട്വിറ്ററിനെ പോലെ ത്രഡ്സിന്റെയും രീതി.
സാധനം കയ്യിലുണ്ടോയെന്ന് ചോദിക്കുന്നവർ എവിടെയും തിരയേണ്ട. നിങ്ങളുടെ പ്ലേസ്റ്റോറിലുണ്ട് ത്രെഡ്സെന്ന് പ്രദീപ് പറയുന്നു. ത്രഡ്സ് ആദ്യഘട്ടത്തിൽ ആപ്പിൾ ഉപയോക്താക്കൾക്കാകും ലഭ്യമാകുക.
ചെറുവാചകങ്ങളായി കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന ടെക്സ്‌റ്റ് അടിസ്ഥാനമാക്കിയുള്ള ആപ് എന്നാണ് ആപ് സ്‌റ്റോറിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വായിക്കാനാകുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകില്ലെന്നാണ് വിവരം.