Timely news thodupuzha

logo

റോഡുകൾ കൈയ്യേറിയുള്ള വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: നഗരത്തിലെ റോഡുകൾ കൈയ്യേറിയുള്ള അനധികൃത വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെയുള്ള റോഡുകൾ വ്യാപകമായി അനധികൃത വഴിയോര കച്ചവടക്കാർ കൈയ്യടിക്കിയിരിക്കുകയാണ്.

പെട്ടി ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കച്ചവടം പാടില്ല എന്നുള്ള നിയമം കാറ്റിൽ പറത്തിയാണ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും തടസം സൃഷ്ടിച്ചുകൊണ്ടുള്ള വഴിയോരകച്ചവടങ്ങൾ.

തൊടുപുഴ നഗരത്തിലെ പ്രധാനപ്പെട്ടതും,തിരക്കേറിയ റോഡുകളിൽ ഒന്നുമായ പാലാ റോഡിലെ മാതാ ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ
ഫുട്ട് പാത്ത് കൈയ്യേറി ഉന്തുവണ്ടി കച്ചവടക്കാർ കച്ചവടം ചെയ്യുന്നു. ബാങ്ക്, ആശുപത്രി ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ മേഖലയിൽ ഇത് ഗതാഗത പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.

വഴിയോര കച്ചവടക്കാർക്കും ജീവിക്കണം എന്നതിൽ തർക്കമൊന്നും ഇല്ലെങ്കിലും വ്യാപാര രംഗത്ത് കാര്യമായ ചലനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വാടകയും, കറന്റ് കാശും, വിവിധതരം നികുതികളും, ജോലിക്കാരുടെ ശമ്പളവും നൽകി കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ കടകളുടെ മുന്നിൽ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള അനധികൃത വ്യാപാരങ്ങൾ അനുവദിക്കാൻ ആകില്ല.

ഇതിനെതിരെ തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ പറഞ്ഞു.

ഓണം മുൻ നിർത്തി നിരവധി അനധികൃത കച്ചവടക്കാർ ആണ് പാതയോരങ്ങളുടെ വിവിധ ഇടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.ഇവരെ അടിയന്തരമായി ഒഴിപ്പിക്കുന്നതിന് നഗരസഭയും, പൊതുമരാമത്ത് വകുപ്പും, പോലീസും തയ്യാറാകണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ അടിയന്തര സെക്രട്ടറിയേറ്റ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

യോ​ഗത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്.കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ്‌ വടക്കയിൽ, വി.സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ.അഭിലാഷ്, സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *