
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങൾ സഹപ്രവർത്തകരാണെന്നും സുഹൃത്തുക്കളല്ലെന്നുമുള്ള ആർ.അശ്വിന്റെ പ്രസ്‌താവന ക്രിക്കറ്റ് ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ടീമംഗങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു, ഇപ്പോൾ അവർ സഹപ്രവർത്തകരാണ് എന്നായിരുന്നു അശ്വിൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ താൻ പറഞ്ഞത് തെറ്റായ അർത്ഥത്തിലാണ് ചിലർ മനസ്സിലാക്കിയതെന്നാണ് അശ്വിൻ ഇപ്പോൾ പറയുന്നത്.സൗഹൃദങ്ങൾ ഇല്ലാത്തത് ഒരു മോശം കാര്യമല്ലെന്നും അത് ടീം സ്‌പിരിറ്റിന് ഹാനികരമാകില്ലെന്നും അശ്വിൻ വ്യക്തമാക്കി.
ഞാൻ പറഞ്ഞതും ആളുകൾ മനസ്സിലാക്കിയതും തമ്മിൽ വ്യത്യാസമുണ്ട്. അന്ന് പറഞ്ഞതിൽ ഉദ്ദേശിച്ചത്, പണ്ട് അന്താരാഷ്‌ട്ര ക്രിക്കറ്റ് ടൂറുകൾ ദീർഘമായതിനാൽ, സൗഹൃദത്തിന് കൂടുതൽ സാധ്യതയുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ വ്യത്യസ്‌ത ടീമുകളിൽ, വ്യത്യസ്‌ത ഫോർമാറ്റുകളിൽ ആണ് ഞങ്ങൾ നിരന്തരം കളിക്കുന്നത്. വ്യത്യസ്‌ത ടീമുകൾക്കായി കളിക്കുമ്പോൾ, സുഹൃത്തുക്കളാകുന്നത് വളരെ ബുദ്ധിമുട്ടാണ്. ഐപിഎല്ലിന്റെയും ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെയും വരവോടെ ഇത് കൂടുതൽ വഷളായി, എന്നാൽ ഇത് ഒരു നെഗറ്റീവ് കാര്യമായി കരുതുന്നില്ലെന്നും അശ്വിൻ പറഞ്ഞു