ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ അരുണാചലിൽ നിന്നുള്ള ചില താരങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ചൈന. ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ് സന്ദർശനം റദ്ദാക്കി. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അരുണാചലിൽ നിന്നുള്ള നെയ്മൻ വാങ്സു, ഒനിലു ടേഗ, മെപുങ് ലാംഗു എന്നീ മൂന്നു വനിതാ വുഷു കായികതാരങ്ങൾക്കാണ് ചൈന പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവർക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
എന്നാൽ ചൈനയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസ പോലെ കണക്കാക്കുന്ന അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചിട്ടില്ല. 10 വുഷു താരങ്ങളും പരിശീലനകനും അടങ്ങുന്ന സംഘം ചൈനയിലേക്കു തിരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യൻ ഗെയിംസിൽ അരുണാചലിൽ നിന്നുള്ള താരങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി മനസ്സിലാക്കുന്നു.
ഇന്ത്യൻ പൗരന്മാരോട് പ്രാദേശികാടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന വിവേചനം അപലപനീയമാണ്. അരുണാചൽ പ്രദേശ് ഇപ്പോഴും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.