ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൻറെ മൂന്നാം ദിനം ഇന്ത്യ സെയ്‌ലിങ്ങിൽ വെള്ളിയും വെങ്കലവും മൂന്നാം തവണ സ്വർണവും സ്വന്തമാക്കി. വനിതകളുടെ ഡിങ്കി ഐഎൽസിഎ-4 ഇവൻറിൽ മത്സരിച്ച പതിനേഴുകാരി നേഹ ഠാക്കൂറാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഭോപ്പാലിലെ നാഷണൽ സെയ്‌ലിങ് സ്കൂളിൻറെ സംഭാവനയാണ് നേഹ ഠാക്കൂർ. 11 റെയ്സുകൾ ഉൾപ്പെടുന്ന ഇവൻറിൽ 32 പോയിൻറുമായാണ് നേഹയുടെ നേട്ടം.
പുരുഷൻമാരുടെ വിൻഡ്‌സർഫർ ആർഎസ്:എക്സ് ഇനത്തിൽ ഇബാദ് അലി വെങ്കലവും നേടി. ഇക്വിസ്ട്രിയൻ ടീം ഡ്രസ്സേജ് ഇനത്തിലാണ് ഇന്ത്യ 209.205 പോയിൻറുമായി സ്വർണം നേടിയത്. ഹൃദയ് ഛേദ, ദിവ്യകൃതി സിങ്, അനുഷ് അഗർവാല, സുദീപ്തി ഹജേല എന്നിവരാണ് ടീമംഗങ്ങൾ. 1982നു ശേഷം ആദ്യമാണ് അശ്വാഭ്യാസത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത്. ചൈനയും ഹോങ്കോങ്ങും യഥാക്രമം വെള്ളിയും വെങ്കലവും നേടി.
1986ൽ നേടിയ വെങ്കലമാണ് ഡ്രസേജ് ഇനത്തിൽ ഇന്ത്യ ഇതിനു മുൻപ് അവസാനമായി നേടിയ ഏഷ്യൻ ഗെയിംസ് മെഡൽ. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിൽ വ്യക്തിഗ, ടീം ഇനങ്ങളിൽ മൂന്ന് സ്വർണം ലഭിച്ചിരുന്നു.