കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന് വീണ്ടും ഇ.ഡി നോട്ടീസ്. സ്വത്തു വിവരങ്ങൾ ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. കുടുംബത്തിൻറെയും സ്വത്തു വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കണെന്ന് നിർദേശം.
വ്യാഴാഴ്ചയ്ക്കുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നൽകിയിട്ടുള്ളത്. ബാങ്ക് ബാലൻസ്, നിക്ഷേപങ്ങൾ, ഭൂമിയും മറ്റു ആസ്തികളും, കഴിഞ്ഞ 10 വർഷത്തിനിടെ ആർജ്ജിച്ച സ്വത്തു വിവരങ്ങൾ തുടങ്ങിയവയുടെ രേഖകൾ ഹാജരാക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
എന്നാൽ എം.കെ.കണ്ണനോട് ഇതുവരെ ഹാജരാകാൻ ആവശ്യപ്പെട്ടതായി വിവരമില്ല. സി.പി.എം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡൻറുമാണ് എം.കെ.കണ്ണൻ.
കരുവന്നൂർ ബാങ്കു തട്ടിപ്പു കേസിൽ നേരത്തെ രണ്ട് തവണ എം.കെ.കണ്ണനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം 29ന് എം.കെ.കണ്ണൻ ഇ.ഡിയുടെ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്നും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇ.ഡി പറഞ്ഞിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ സൗഹാർദ്ദപരം ആയിരുന്നുവെന്നും ഇ.ഡി എപ്പോൾ വിളിപ്പിച്ചാലും വരുമെന്നുമായിരുന്നു കണ്ണൻ വിശദീകരണം നൽകിയത്.