തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ്. ഇരുവരെയും പ്രതി ചേർത്തു കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. ഇരുവരും പണം വാങ്ങിയതിന്‍റെതെളിവ് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫിസുമായി ബന്ധപ്പെട്ട കോഴക്കേസിൽ ഇതു വരെ ആരെയും പ്രതി ചേർത്തിരുന്നില്ല. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. മലപ്പുറം സ്വദേശി ഹരിദാസന്‍റെ മരുമകളുടെ ഡോക്റ്റർ നിയമനത്തിനായി ഇടനിലക്കാരനായ അഖിൽസജീവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്അംഗമായ അഖിൽ മാത്യുവും പണം വാങ്ങിയെന്നാണ് പരാതി.
അഖിൽസജീവന് 75000 രൂപയും അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും നൽകിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി 15 ലക്ഷം രൂപയാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്.
ആയുഷിന്‍റെ മെയിൽ ഐ.ഡിയിൽ നിന്ന് നിയമനം ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതായും പരാതിയിലുണ്ട്. എന്നാൽ ആയുഷിന്‍റെ പേരിൽ നിർമിച്ച വ്യാജ അക്കൗണ്ടിൽ നിന്നാണ് ഈ മെയിൽ പോയിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് ഓഫിസിന് സംഭവത്തിൽ പങ്കില്ലെന്നുമാണ് വീണാ ജോർജിന്‍റെ നിലപാട്.