Timely news thodupuzha

logo

സെർവിക്കൽ കാൻസർ; വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ, സംസ്ഥാനത്തും ആരംഭിക്കും; മുഖ്യമന്ത്രി

എറണാകുളം: സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 30 വയസിൽ മുകളിലുള്ള ഏഴ് ലക്ഷം പേർക്ക് കാൻസറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഏറ്റവും കൂടുതൽ സാധ്യത സ്താർബുദത്തിനാണ്. സെർവിക്കൽ കാൻസറും വർധിക്കുന്നതായാണ് കണക്കുകൾ നൽകുന്ന സൂചന. കാൻസറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജനറൽ ആശുപത്രിയുടെ പുതിയ കാൻസർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.

നമ്മൾ തുടർന്നുവരുന്ന ആരോഗ്യപരമല്ലാത്ത ജീവിതരീതികളിലും ശീലങ്ങളിലും മാറ്റം വരുത്തണം. ആരോഗ്യപരമായ ശീലങ്ങൾ പിന്തുടരണം. സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണ്.

എന്നാൽ മാത്രമേ ഫലപദമായി പ്രതിരോധിക്കാൻ കഴിയൂ. ജീവിത ശൈലി രോഗങ്ങൾ കുറച്ചു കൊണ്ടുവരാനാണ് സർക്കാർ ശ്രമം. കാൻസറും ജീവിത ശൈലി രോഗമാണ്.ഇത്തവണത്തെ ബജറ്റിൽ പ്രധാനപ്പെട്ട മൂന്ന് കാൻസർ സെന്ററുകൾക്കും പ്രത്യേകമായി തുക അനുവദിച്ചു. ആർസിസിയിലും മലബാർ കാൻസർ സെന്ററിലും ഒട്ടേറെ നൂതന സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞു.

കുട്ടികളിലെ കണ്ണിന്റെ കാൻസർ ചികിത്സയ്ക്ക് മലബാർ കാൻസർ സെന്ററിൽ നൂതന സംവിധാനം ഒരുക്കി. ആർസിസിയിൽ സർക്കാർ മേഖലയിലെ ആദ്യ ചികിത്സ ഏർപ്പെടുത്തി.

ഗർഭാശയ കാൻസർ കണ്ടെത്തുന്നതിനുള്ള സംവിധാനം, മലബാർ കാൻസർ സെന്ററിലും ആർ.സി.സിയിലും റോബോട്ടിക് സർജറി, ഡിജിറ്റൽ പത്തോളജി എന്നിവയെല്ലാം ഉടൻ തുടങ്ങും. ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമേ സങ്കീർണ്ണ രോഗാവസ്ഥ കൈകാര്യം ചെയ്യാൻ സവിശേഷ പരിപാടികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ

മഗ്രമായ അർബുദ നിയന്ത്രണം ലക്ഷ്യമാക്കി തയ്യാറാക്കിയ കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി പൈലറ്റ് അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ ആരംഭിച്ചതിനു പുറമെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ പ്രാരംഭ ദിശയിൽ തന്നെ കാൻസർ കണ്ടെത്താൻ കഴിയും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധന ക്ലിനിക്കുകൾ നടന്നുവരുന്നുണ്ട്. കാൻസർ സെന്ററുകളേയും മെഡിക്കൽ കോളജുകളേയും ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനായി കാൻസർ ഗ്രിഡ് രൂപികരിച്ച് ചികിത്സ വികേന്ദ്രീകരിക്കും.

കാൻസറിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്. അവയ്ക്ക് കരുത്ത് പകരാൻ ജനങ്ങളുടെയാകെ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ അവ വിപുലപ്പെടുത്തി മെച്ചപ്പെടുത്തി.

അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ കൈവരിക്കാൻ നാടിന് കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ച പരിമിതർക്കുള്ള സേവനത്തിന് ലഭിച്ച പുരസ്‌കാരം. അതോടൊപ്പം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ആരോഗ്യമന്ഥൻ പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും നേടി.

ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനങ്ങളെ ആകെ രോഗി സൗഹൃദമാക്കാൻ കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. താലൂക്ക്, ജില്ലാ ആശുപത്രികളിൽ അടക്കം പല രീതിയിലുള്ള സൂപ്പർ സ്‌പെഷാലിറ്റി സേവനങ്ങൾ ലഭ്യമാക്കി.

സർക്കാർ മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വലിയതോതിൽ മെച്ചപ്പെടുത്തി. സാധാരണക്കാർക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായി സർക്കാർ ആശുപത്രികൾ മാറി.

ഇതാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം. സമാനതകൾ ഇല്ലാത്ത മുന്നേറ്റമാണ് ഈ രംഗത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.നിപയെ തുടക്കത്തിൽ തിരിച്ചറിഞ്ഞ് ഫലപദമായി ഇടപെട്ട് ചെറുത്തു തോൽപ്പിക്കാൻ കഴിഞ്ഞു.

വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 9 വയസുള്ള കുട്ടിയടക്കം നാലു പേരും രോഗമുക്തി നേടി. കുട്ടി വെന്റിലേറ്ററിൽ ആയിരുന്നത് നാടിനെയാകെ ആശയങ്കയിലാഴ്ത്തിയിരുന്നു. നിപയെ പോലെയുള്ള ഒന്നിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് കഴിഞ്ഞത് നാടിന് അഭിമാനകരമായ കാര്യമാണ്.

നമ്മുടെ സംസ്ഥാനത്ത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. മെഡിക്കൽ ടെക്‌നോളജി വളർത്താനും മെഡിക്കൽ ഉപകരണങ്ങൾ ഉല്പാദിപ്പിക്കുവാനും ഡേറ്റ ശേഖരിക്കാനും അവലോകനം ചെയ്യാനും വേണ്ട ഇടപെടലുകൾ നടത്തുന്നുണ്ട്.

ഇത്തരത്തിൽ പൊതുജനാരോഗ്യത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. സർക്കാർ പരിപാടികളിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണ് മുഖ്യമന്ത്രി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നിർവഹിച്ചത്.

ഇനി എല്ലാ സർക്കാർ പരിപാടികളും ശുചിത്വ പ്രതിജ്ഞ എടുത്താകും ആരംഭിക്കുന്നത്.തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി.

മേയർ എം.അനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ റ്റി.ജെ.വിനോദ്, കെ.ജെ.മാക്സി, ചീഫ് സെക്രട്ടറി ഡോ. വി.വേണു എന്നിവർ മുഖ്യാതിഥികളായി. സി.എസ്.എം.എൽ സി.ഇ.ഒ ഷാജി.വി.നായർ, ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സബ് കളക്ടർ പി.വിഷ്ണുരാജ്, ഡി.എം.ഒ ഡോ. കെ.കെ.ആശ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷഹീർഷാ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *