കണ്ണൂർ: വസ്‌ത്രധാരണം ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും അത് ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശമാണെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. എസ്സൻസ് ഗ്‌ളോബലെന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടത്തിയ സെമിനാറിൽ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാറിന്റെ പരാമർശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അനിൽകുമാർ സംസാരിച്ചപ്പോൾ അതിൽ ഒരു ഭാഗത്ത് മുസ്ലീം സ്‌ത്രീകളുടെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിച്ചു. നമുക്കറിയാം രാജ്യത്ത് ഇത്തരം പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ഹിജാബ് പ്രശ്‌നം ഉയർന്നപ്പോൾ സ്‌ത്രീകൾ എങ്ങനെയാണ് അല്ലെങ്കിൽ സാധാരണ മനുഷ്യർ എങ്ങനെയാണ് വസ്‌ത്രം ധരിക്കേണ്ടത് എന്നത് കോടതിയുടെ പ്രശ്‌നമായി കാണുന്നതിനോട് യോജിപ്പില്ലെന്ന പാർടി നിലപാട് വ്യക്തമാക്കിയതാണ്.
വസ്‌ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന കാര്യം കൂടിയാണ്. ഹിജാബ് പ്രശ്‌നം ഉയർന്നപ്പോൾ പാർട്ടി അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇക്കാര്യം വ്യക്തമാക്കിയതുമാണ്.
അതുകൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമായ വസ്‌ത്രധാരണത്തി ലേക്ക് കടന്ന് കയറേണ്ടുന്ന ഒരു നിലപാടും ആരും സ്വീകരിക്കേണ്ട കാര്യമില്ല. ഇന്ന വസ്‌ത്രമേ ധരിക്കാൻ പാടുള്ളൂവെന്ന് പറയാനും വ്യക്തിയുടെ വസ്‌ത്ര ധാരണത്തെ വിമർശനാത്‌മകമായി ചൂണ്ടിക്കാട്ടാനും ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് അനിൽകുമാറിന്റെ ആ പരാമർശം പാർടി നിലപാടിൽ നിന്നും വ്യത്യസ്‌തമാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു പരാമർശവും പാർടിയുടെ ഭാഗത്ത് നിന്നും ഉന്നയിക്കേണ്ടതില്ലെന്ന ഔദ്യോഗികനിലപാട് വ്യക്തമായി ചൂണ്ടി കാട്ടുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.