കൊച്ചി: വരുംകാലം മുന്നിൽകണ്ട് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് സിയാൽ നാളേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ കേരളത്തിന്റെ ടൂറിസം മേഖലയും അതിനൊപ്പം ഉയരങ്ങളിലേക്ക് പറക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴു മെഗാ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
കേരളം രൂപീകരിച്ചതിനു ശേഷം ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ കേരളത്തിലേക്ക് എത്തിയ വർഷമാണ് 2022. ഇതിൽ സിയാൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്ന ജില്ലയാണ് എറണാകുളം.
ന്യൂയോർക്ക് ടൈംസ് കോവിഡാനന്തര കാലഘട്ടത്തിൽ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ പേരുകൾ പുറത്തുവിട്ടിരുന്നു. ഇതിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്.
ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽ വിനോദസഞ്ചാര മേഖലയിൽ മുന്നോട്ട് നയിക്കാൻ എയർലൈൻസ് സംവിധാനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇതുപോലെ കേരള ടൂറിസത്തിന്റെ അനന്തസാധ്യതകളെ ലോകത്ത് ആകെ പ്രചരിപ്പിക്കാൻ സിയാലിന് സാധിക്കും. സിയാലിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നു. എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.