കൊച്ചി: സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസിലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സർക്കാർ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാരിൻറെ അനുമതിയില്ലാതെ വൈസ് ചാൻസിലറുടെ പദവി ഏറ്റെടുത്തെന്ന് ചൂണ്ടിക്കാട്ടി നൽകിയ കാരണംകാണിക്കൽ നോട്ടീസും കോടതി റദ്ദാക്കി.
മുൻവൈസ്ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്നാണ് ഗവർണർ സിസാ തോമസിനെ താത്കാലിക വൈസ് ചാൻസിലറായി നിയമിച്ചത്. ഇതിനെതിരെ സർക്കാർ കോടതിയെ സമിപിച്ചിരുന്നു. എന്നാൽ നിയമനം നിയമപരമാണെന്ന് കോടതി വിധിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് സർക്കാർ അനുമതിയില്ലാതെ വൈസ് ചാൻസിലർ സ്ഥാനം ഏറ്റെടുത്തെന്നരോപിച്ച് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. ഇതിനെതിരെ സിസാതോമസ് ട്രിബ്ര്യൂണലിനെ സമീപിച്ചെങ്കിലും നടപടികൾ തുടരാമെന്ന് ട്രിബ്ര്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സിസാതോമസ് ഹൈക്കോടതിയെ സമീപിച്ചത്.