ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ(25) കൊലപ്പെടുത്തിയ കേസിൽ അന്തിമ വിധി കേൾക്കുന്നത് നവംബർ ഏഴിലേക്ക് മാറ്റി. 5 പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി രവീന്ദ്ര കുമാർ പാണ്ഡെ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സൗമ്യ കൊല്ലപ്പെട്ട് 15 വർഷത്തിനുശേഷമാണു വിധി.
പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അഞ്ചാംപ്രതി അജയ് സേഥി മോഷ്ടിച്ച കാർ അതറിഞ്ഞുകൊണ്ട് കൈപ്പറ്റിയെന്നും കോടതി കണ്ടെത്തിയികുന്നു.
സംഘടിത കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ ബോധപൂർവം ശ്രമിക്കൽ, അതിലൂടെ വരുമാനം കണ്ടെത്തൽ, ഗൂഢാലോചന തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്നു മുഴുവൻ പ്രതികൾക്കുമെതിരേ മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മോക്ക) ചുമത്തിയിട്ടുണ്ട്. മുഴുവൻ പ്രതികൾക്കെതിരേയും മോക്ക ചുമത്തിയത്.
2008 സെപ്‌റ്റംബർ 30ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹെഡ്‌ലൈൻസ് ടുഡേയിലെ മാധ്യമ പ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത്. കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.
പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സെഷൻസ് കോടതി വിധിയിൽ ഏറെ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അച്ഛൻ കുറ്റിപ്പുറം സ്വദേശി എം.കെ. വിശ്വനാഥനും അമ്മ മാധവിയും പ്രതികരിച്ചു. പ്രതികൾക്ക് ജീവപര്യന്തം തടവ് ലഭിക്കണമെന്നാണു മാതാപിതാക്കളുടെ ആഗ്രഹം.