Timely news thodupuzha

logo

ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍, ഹമാസ് ബന്ദികളെ മോചിപ്പിക്കും

ജറുസലേം: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടലിനൊടുവില്‍ ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍. ഒപ്പം ഹമാസ് ബന്ദികളെ മോചിപ്പിക്കും. ആദ്യഘട്ടത്തില്‍, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക.

നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തില്‍ ബന്ദി കൈമാറ്റം നടക്കുക.

അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീനികളെയും വിട്ടുനല്‍കുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.

ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകള്‍ ഗാസയില്‍ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു.വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന സങ്കേതങ്ങള്‍ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി സന്ദര്‍ശിക്കണമെന്ന് നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ക്കരാറില്‍ പറയുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *