Timely news thodupuzha

logo

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് വനം വകുപ്പിന്റെ കീഴിലാക്കുവാന്‍ ഗൂഡ നീക്കം

നെടുങ്കണ്ടം: ജില്ലയില്‍ വ്യാപകമായി കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം ശക്തമായി നടക്കുന്ന ഘട്ടത്തില്‍ ഇടുക്കി ജില്ലയിലെ നിരവധിയായ വിനോദസഞ്ചാരമേഖലകള്‍ വനം വകുപ്പ് അധീനപ്പെടുത്തുന്നതും ഏറെ സംശയത്തോടെയാണ് ജനങ്ങള്‍ കാണുന്നത്.

തൊടുപുഴ മീനുളിയാന്‍പാറയിലേക്കുള്ള പ്രവേശനം വനംവകുപ്പ് താതാക്കാലികമായി തടഞ്ഞെങ്കിലും പിന്നീട് പൂര്‍ണ്ണമായി പ്രവേശനം നിഷേധിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇടുക്കി ജലസംഭരണിയുടെ ദൃശ്യ ഭംഗി ജനങ്ങള്‍ ആശ്വദിച്ചിരുന്ന കാല്‍വരിമൗണ്ടില്‍ വനം വകുപ്പ് വേലികെട്ടി തിരിച്ച് പ്രവേശന ഫീസ് ഈടാക്കിയാണ് ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനാനുമതി നല്‍കുന്നത്.

റവന്യൂ ഭൂമി മാത്രമുള്ള ചിന്നക്കനാല്‍ വില്ലേജിലെ വൈദ്യുതി വകുപ്പിന്റെ ആനയിറങ്കല്‍ അണക്കെട്ടില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തിവന്നിരുന്ന ബോട്ടിങ്ങ് വനം വകുപ്പ് ഇടപെട്ട് നിര്‍ത്തിവച്ചിട്ട് മാസങ്ങളായി.

കൂടാതെ ഈ വര്‍ഷം നീലകുറിഞ്ഞി പൂത്ത ശാന്തന്‍പാറ, കള്ളിപ്പാറയില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പ്രവേശന ഫീസ് ഈടാക്കിയ വനം വകുപ്പ് അവിടെയും ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.

വര്‍ഷംതോറും ലക്ഷക്കണക്കിനു വിനോദ സഞ്ചാരികള്‍ എത്തി കാഴ്ച്ചകള്‍ ആസ്വദിച്ചിരുന്ന വാഗമണ്ണിലും, മൂന്നാര്‍ ഇരവികുളത്തും നിയന്ത്രണമേര്‍പ്പെടുത്തി ഫീസ് ഈടാക്കി തുടങ്ങിയ വനം വകുപ്പ് ഏറ്റവും അവസാനമായി ഇടുക്കി ജലസംഭരണിയുടെ തന്നെ ഭാഗമായ കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി മുനമ്പിലേക്കുള്ള പ്രവേശനവും വേലികെട്ടി തടഞ്ഞിരിക്കുകയാണ്.

ഉടുമ്പന്‍ചോല താലൂക്കാസ്ഥാനം നെടുങ്കണ്ടത്തേക്ക് മാറ്റിയ കാലത്ത് നെടുങ്കണ്ടത്തു നിന്നും, പട്ടം കോളനിയിലെ ബാലന്‍പിള്ള സിറ്റിയില്‍ നിന്നും കുടിയിറക്കപ്പെട്ട ജനതയെ കുടിയിരുത്തിയ കാഞ്ചിയാര്‍ പഞ്ചായത്തിലെ നെടുങ്കണ്ടം, തൂക്കുപാലം കോളനികളുടെ സമീപത്താണ് അഞ്ചുരുളി മുനമ്പ്.

ഏറെ വികസന സാധ്യതയുള്ള ഈ വിനോദ സഞ്ചാരമേഖലയും വനം വകുപ്പ് ഇപ്പോള്‍ വേലികെട്ടി അധീനപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ വന സംരക്ഷണ നിയമപ്രകാരം കര്‍ഷകരുടെ ഭൂമി വനഭൂമിയാണെന്നു വരുത്തി തീര്‍ത്ത് പ്രദേശത്തെ കര്‍ഷക ജനതയെ കുടിയിറക്കാനുള്ള ഗൂഡതന്ത്രങ്ങളുടെ ഭാഗമായിയാണ് വിനോദ സഞ്ചാരമേഖലകള്‍ വനം വകുപ്പ് അധീനപ്പെടുത്തന്നതെന്നാണ് ജനങ്ങളുടെ സംശയം, അതിനാല്‍ തന്നെ ഇത്തരെ വേലിക്കെട്ടലുകളില്‍ വന്‍ ജനരോഷം വ്യാപകമായിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *